അതിരൂപത ഭൂമി ഇടപാട്; വ്യാജപട്ടയം നിർമ്മിച്ചോയെന്ന് വീണ്ടും അന്വേഷിക്കണമെന്ന് പൊലീസ്.

കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ വ്യാജപട്ടയം നിർമ്മിച്ചോയെന്ന് സംശയിക്കുന്നതായി പൊലീസ് റിപ്പോർട്ട്. ഇക്കാര്യത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു. തൃക്കാക്കര ഭൂമിയിടപാടിലാണ് സെൻട്രൽ പൊലീസിന്റെ റിപ്പോർട്ട്. തൃക്കാക്കര ഭൂമി വിൽപനയ്ക്ക് വ്യാജ പട്ടയം നിമിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് പറയുന്നു. പ്രാഥമിക പരിശോധനയിൽ ഭൂമി വിൽപന വ്യാജ പട്ടയം നിർമിച്ചാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു. കേസെടുക്കണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ട്‌ സെൻട്രൽ പൊലീസ് കോടതിക്ക് കൈമാറി.

നേരത്തെ സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവാദ ഭൂമി ഇടപാടുകളില്‍ കേസന്വേഷണം അവസാനിപ്പിച്ച പോലീസ് റിപ്പോര്‍ട്ട് നൽകിയിരുന്നു . എറണാകുളം സി.ജെ.എം കോടതിയിലാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കേസ് അടുത്ത മാസം 14ന് വീണ്ടും പരിഗണിക്കും. ഭൂമി വില്‍പ്പന ആലോചന കമ്മിറ്റികളുടെ അനുമതി കൂടാതെതാണ് നടത്തിയത്. ഇത് അതിരൂപത ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലാത്തതിനാല്‍ പ്രതികളെ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജി ജോര്‍ജ് എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൊവ്വര സ്വദേശി പാപ്പച്ചനാണ് കോടതിയെ സമീപിച്ചത്. ബാധ്യത തീര്‍ക്കാനെന്ന പേരില്‍ സഭയുടെ കണ്ണായ ഭൂമി വില്‍പ്പന നടത്തിയതില്‍ വിശ്വാസ വഞ്ചന, ചതി, മോഷണം, ഗുഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപതയുടെ ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോഷി പുതുവ, മോണ്‍.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ പടമുകള്‍ സ്വദേശി സാജു വര്‍ഗീസ്, ഭൂമി ഇടപാടില്‍ പലപ്പോഴായി പങ്കാളികളായ വാഴക്കാല സ്വദേശികളായ അജാസ്, കബീര്‍, കളമശേരി സ്വദേശികളായ ഷെഫീഖ് മുഹമ്മദ്, സല്‍മത്ത്, ഫൈസല്‍, ബിന്ദു, റൂഫസ് ,സുദര്‍ശന ഭായി , മുഹമ്മദ്, സിയാദ്, നൗഷാദ്, ബഷീര്‍, സൗദ, ഷെമീര്‍, ജോണ്‍ മാത്യു, സാജന്‍ എന്നിവര്‍ക്കും മലപ്പുറം സ്വദേശി ഗിരീഷ്, തിരുവനന്തപുരം സ്വദേശി ദമാന്‍, കൊല്ലം സ്വദേശികളായ ഹരികൃഷ്ണന്‍, ആശാ തോമസ് എന്നിവര്‍ക്കുമെതിരെയാണ് അന്വേഷണം നടത്തിയത്.

അതേസമയം, കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മൂന്നു വൈദികരെയും ഒരു വിദ്യാര്‍ത്ഥിയേയും പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സിനഡില്‍ കര്‍ദിനാളിനെ അപമാനിക്കാനും സഭയുടെ അധ്യക്ഷ പദവിയില്‍ നിന്ന് സ്ഥാനത്യാഗം ചെയ്യിക്കുകയുമായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Top