ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് ബി.ജെ.പി.ന്യൂനപക്ഷ ക്ഷേമപദ്ധതിളിൽ 80% മുസ്ലിംകള്‍ക്ക് മാത്രം !!അല്‍മായ നേതാക്കളുമായി കൂടിക്കാഴ്ച.ഇടത്, വലത് മുന്നണികള്‍ മുസ്ലിം സംഘടനകള്‍ക്കൊപ്പം

കൊച്ചി::ലവ് ജിഹാദ് വിഷയത്തിൽ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സീറോ മലബാർ സഭയെയും ക്രിസ്ത്യൻ സഭകളെയും കൂടെ നിർത്താൻ ബിജെപിയുടെ നീക്കം . മതന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഏറിയ പങ്ക് ഒരു പ്രത്യേക വിഭാഗത്തിനു മാത്രമാണു ലഭിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണു ക്രൈസ്തവ സഭകളുടെ മനസ് പിടിക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നത്.


ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസാണ് ക്രൈസ്തവ വിഭാഗങ്ങളുമായി സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തു വാര്‍ത്താസമ്മേളനം നടത്തിയ കൃഷ്ണദാസ് ക്രൈസ്തവര്‍ നേരിടുന്ന അവഗണനകള്‍ അക്കമിട്ടുനിരത്തി. സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനും ക്രിസ്ത്യന്‍ വിരുദ്ധ സമീപനമാണെന്നാണു കൃഷ്ണദാസ് പറഞ്ഞത്.

സംസ്ഥാനത്തു നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം െകെസ്തവര്‍ക്കും വേണ്ടിയാണ്. മാറിമാറിവരുന്ന ഇടത്, വലത് സര്‍ക്കാരുകളാണ് ഇതിനു കാരണം. ജനസംഖ്യാ ആനുപാതികമായാണു ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതെങ്കില്‍ ക്രൈസ്തവര്‍ക്കു 48 ശതമാനം ലഭിക്കേണ്ടതാണ്.

ന്യൂനപക്ഷ ക്ഷേമത്തിനായുളള കേന്ദ്രസര്‍ക്കാരിന്റെ പതിനഞ്ചിന കര്‍മപദ്ധതിയുടെ മേല്‍നോട്ടസമിതി എല്ലാ ജില്ലകളിലും രൂപീകരിക്കണമെന്നും എല്ലാ ന്യൂനപക്ഷ വിഭാഗത്തിനും പരിഗണന നല്‍കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ഏഴു ജില്ലാ മേല്‍നോട്ടസമിതിയില്‍ മുസ്ലിം വിഭാഗം മാത്രമേയുള്ളു. ഒരു ക്രൈസ്തവ പ്രതിനിധിയെപ്പോലും അവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് മത വിവേചനമാണെന്നാണു കൃഷ്ണദാസ് പറഞ്ഞത്.

വരും ദിവസങ്ങളില്‍ ക്രൈസ്തവ സഭകളിലെ അല്‍മായ സംഘടനാ നേതാക്കളുമായി ബി.ജെ.പി. നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ വിഭാഗങ്ങളെ പരസ്യമായി പിന്തുണയ്ക്കാനാണു ബി.ജെ.പിയുടെ തീരുമാനം. സംസ്ഥാനത്തു വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് സിറോ മലബാര്‍ സഭ ആരോപിച്ചിരുന്നു. ഈ നിലപാടിനെ ബി.ജെ.പി. ശക്തമായി പിന്തുണയ്ക്കും.

Top