ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾ ആരു നടത്തിയാലും ശിക്ഷാർഹം.അനുസരണവ്രതമെടുത്ത കന്യാസ്ത്രീകൾ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്ന വൈദികരെ അനുകൂലിച്ചു നിരത്തിലിറങ്ങി.ഗൂഢാലോചനക്കെതിരെ സീറോ മലബാർ മീഡിയ കമ്മീഷൻ

കൊച്ചി :തങ്ങളുടെ ആവശ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നു മനസ്സിലാക്കി ഏതുവിധേനയും അവ നേടിയെടുക്കാൻ ഒരു വിഭാഗം വൈദികർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തിൽ അരങ്ങേറിയ ‘അരമന കയ്യേറൽ നാടകം.’ ക്രമസമാധാനം ലംഘിച്ച്, പോലീസിനെ വെല്ലുവിളിച്ചു മുന്നേറിയപ്പോഴാണ് കൃത്യനിർവഹണത്തിന്റെ ഭാഗമായി അവധാനതയോടെ പോലീസ് വൈദികരെ അതിരൂപതാ കേന്ദ്രത്തിൽ നിന്നൊഴിപ്പിച്ചത്. നിസാര പരിക്കു പോലും ഏൽക്കാത്ത ചില വൈദികരെ മെഡിക്കൽ പരിശോധന പോലും ഇല്ലാതെ ബസിലിക്ക അങ്കണത്തിൽ പ്രദർശനം നടത്തി, കുറെ സാധാരണ ജനങ്ങളുടെ വികാരം ആളിക്കത്തിച്ച്, പോലീസിലും ജില്ലാ ഭരണകൂടത്തിലും സമ്മർദ്ദം ചെലുത്തി, തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നതും കണ്ടു.

അനുസരണവ്രതമെടുത്ത കന്യാസ്ത്രീകൾ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്ന വൈദികരെ അനുകൂലിച്ചു നിരത്തിലിറങ്ങിയാൽ ജനാഭിപ്രായം അനുകൂലമാകുമെന്ന ചാണക്യബുദ്ധി ദയനീയമായി പരാജയപ്പെട്ടു. കന്യാസ്ത്രീകളോടും വൈദികരോടുമുള്ള പൊതുസമൂഹത്തിന്റെ മതിപ്പു കുറയാനല്ലാതെ ഈ സംഭവങ്ങൾ മറ്റൊന്നിനും ഉപകരിച്ചില്ല. ഏതാനും ആഴ്ചകൾക്കു മുൻപുമാത്രം പട്ടം കിട്ടിയ നവവൈദികരിൽ ചിലരും അതിരൂപതാ കേന്ദ്രത്തിന്റെ ഗേറ്റ് തകർക്കാൻ ഉണ്ടായിരുന്നു എന്നത് സഭയ്ക്കാകമാനം ദുഃഖകരവും അപമാനകരവുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അതിരൂപതാധ്യക്ഷന്റെ ഭവനം കയ്യേറുക, പോലീസ് നടപടി അനിവാര്യമാക്കുക, പോലീസ് ഭീകരതയെന്നു പ്രചരിപ്പിച്ച് ജനവികാരം ആളിക്കത്തിക്കുക എന്ന അജണ്ടയാണ് ഇപ്പോൾ അരങ്ങേറുന്നത്. ഇതിന്റെയെല്ലാം യഥാർത്ഥ തുടക്കം സഭാസിനഡിനെ അനുസരിക്കാനുള്ള കുറെ വൈദികരുടെ വിമുഖതയാണെന്നോർക്കുമ്പോൾ ആശ്ചര്യപ്പെടുകയാണ് പൊതുസമൂഹം. ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾ ആരു നടത്തിയാലും നിയമപരമായി ശിക്ഷാർഹമാണല്ലോ.

Top