തിരുവനന്തപുരം:ബാര്‍ വിവാദത്തിലെ ഇരട്ട നീതിയോ എന്ന ചോദ്യവുമായി ഏഷ്യനെറ്റ് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് മുന്‍ ഗെനറല്‍ സെക്രട്ടറി ടി.സിദ്ദിക്കിനെ ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ടു. ബാര്‍കോഴ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ടി. സിദ്ധീഖിനെ വാര്‍ത്താ അവതാരകന്‍ വിനു ഇറക്കി വിട്ടത്. ‘ഒരു മദ്യമുതലാളി തന്റെ ബാറുകള്‍ പൂട്ടിയപ്പോള്‍ അയാള്‍ ഇടതു പക്ഷവുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി. എന്നിട്ട് ഇവിടെയിരുന്ന് ചര്‍ച്ച.
സാക്ഷിയും അവനും രായ്ക്ക് രാമാനം എല്ലാം മാറ്റിപ്പറയുന്നു. എന്നിട്ട് നിങ്ങളുടെ ചര്‍ച്ച. ഇത് ആര്‍ക്ക് വേണം.’ എന്ന് പറഞ്ഞ് ടി. സിദ്ധീഖ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങിയപ്പോള്‍ ആര്‍ക്കും വേണ്ടാത്ത ചര്‍ച്ചയാണെങ്കില്‍ ഇറങ്ങിപ്പോയ്‌ക്കൊള്ളാന്‍ വിനു ആവശ്യപ്പെടുകയായിരുന്നു.
ബാറുകള്‍ പൂട്ടിയ ബാറുടമ മാന്യനായ മന്ത്രിക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ നിങ്ങള്‍ അതിനെ അനുകൂലിക്കരുതെന്നും സിദ്ദീഖ് ചാനലിനോട് പറയുന്നുണ്ട്. മാന്യന്‍, ഒരു തുള്ളി മദ്യപാനമില്ലാത്തവന്‍, അഴിമതി രഹിതന്‍, ജീവിതത്തിലുടനീളം കറപുരളാത്തവന്‍ സാത്വികനായിട്ടുള്ള കെ.ബാബുവിനെ അപരാധിയാക്കാന്‍ വേണ്ടി ഒരുത്തന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളതിനെ അനുവദിക്കരുത്. എന്നൊക്ക പറഞ്ഞ് ശബ്ദമുയര്‍ത്തി കയര്‍ക്കുകയായിരുന്നു ടി. സിദ്ധീഖ് ചെയ്തത്.