കാബൂൾ :അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ താഴ്‌വരയ്ക്കായി താലിബാനും പ്രാദേശിക വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം തുടരുന്നു. പഞ്ച്ഷീറില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈ എന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെടുമ്പോള്‍ അഫ്ഗാനില്‍ മറ്റൊരു ആഭ്യന്തര യുദ്ധത്തിനാണ് വഴിയൊരുങ്ങുന്നത് എന്നാണ് യുഎസ് മുന്നറിയിപ്പ്. അഫ്ഗാനില്‍ ഭരണം നടത്താന്‍ പ്രാപ്തമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താലിബാന്‍ പരാജയപ്പെടുകയോ വൈകുകയോ ഉണ്ടാവുന്ന പക്ഷം രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.ഓരോ രാത്രിയും പോരാട്ടം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു,” എന്ന് താഴ്വരയിലെ നിവാസികളെ അധികരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. നിരന്തരമായ പോരാട്ടം കാരണം, കുറഞ്ഞത് 400 കുടുംബങ്ങളെങ്കിലും ഗ്രാമങ്ങൾ വിട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കാബൂളിൽ താലിബാൻ പ്രവർത്തകർ ആകാശത്തേക്ക് ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർത്ത് ആഘോഷിച്ചതിനെത്തുടർന്ന് 17 പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് മറ്റ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പഞ്ച്ഷീർ പ്രവിശ്യയിലെ യുദ്ധത്തിലുണ്ടായ നേട്ടങ്ങൾ ആഘോഷിക്കാൻ താലിബാൻ വെള്ളിയാഴ്ച രാത്രി ആകാശത്തേക്ക് വെടിവച്ചിരുന്നു. പഞ്ച്ശീർ താഴ്വര പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ പഞ്ച്ശീർ തങ്ങളുടെ കയ്യിൽ തന്നെയാണെന്ന് താലിബാൻ വിരുദ്ധ വിമതരും അവകാശപ്പെട്ടു.
പഞ്ച്ഷീറില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈയെന്ന് ഇരുപക്ഷവും അവകാശപ്പെട്ടുവെങ്കിലും അത് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇരു പക്ഷത്തിനും കഴിഞ്ഞില്ല. 1996 മുതല്‍ 2001 വരെ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോളും പഞ്ച്ഷീര്‍ ഭരണത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല.
പഞ്ച്ഷീറിലെ ഖിഞ്ച്, ഉനബ എന്നീ ജില്ലകള്‍ പിടിച്ചെടുത്തതായും പ്രവിശ്യയിലെ ഏഴ് ജില്ലകളില്‍ നാലെണ്ണം താലിബാന്‍ സേനയുടെ നിയന്ത്രണത്തിലായെന്നുമായിരുന്നു താലിബാന്‍ വക്താവ് ബിലാല്‍ കരിമിയുടെ പ്രതികരണം. താലിബാന്‍ പ്രവര്‍ത്തകര് പ്രവിശ്യയില്‍ മുന്നേറുകയാണ എന്നുമായിരുന്നു ട്വിറ്ററില്‍ നടത്തിയ പ്രതികരണം. ഖവാക് ചുരത്തില്‍ ആയിരക്കണക്കിന് ഭീകരരെ വളഞ്ഞിട്ടുണ്ടെന്നും ദാസ്‌തേ റീവാക്ക് പ്രദേശത്ത് താലിബാന്‍ വാഹനങ്ങളും ഉപകരണങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടതായും താലിബാന്‍ വിരുദ്ധ പക്ഷമായ അഫ്ഗാനിസ്ഥാനിലെ നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് പ്രതികരിച്ചു.
അതേസമയം അയൽരാജ്യമായ അഫ്ഘാനിസ്താനിൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഭരണകൂടത്തെ കെട്ടിപ്പടുക്കുന്നതിന് താലിബാനെ പാകിസ്ഥാൻ ‘സഹായിക്കുമെന്ന് ‘ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് പറഞ്ഞു.
ജനറൽ ബജ്‌വ, റാബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. പരസ്പര താൽപ്പര്യം, പ്രാദേശിക സുരക്ഷ, അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.പഞ്ച്ശീർ താഴ്വരയിൽ കനത്ത പോരാട്ടം തുടരുന്നതായാണ് റിപ്പോർട്ട്. ഇതിൽ ഇതുവരെ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. താലിബാനും പഞ്ച്ഷീറിലെ “പ്രതിരോധ മുന്നണിയും” യുദ്ധം അവസാനിപ്പിക്കുകയും ചർച്ചകളിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വേണമെന്ന് അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.