മുല്ല മന്‍സൂറിനെ താലിബാന്‍ ഭീകരര്‍ തന്നെ കൊന്നു?വാര്‍ത്ത നിഷേധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് സുല്‍താന്‍ ഫൈസിയാണ് വ്യാഴാഴ്ച ഇക്കാര്യം ‘ട്വിറ്ററി’ലൂടെ അറിയിച്ചത്.എന്നാല്‍, തങ്ങളുടെ നേതാവ് സുരക്ഷിതനാണെന്ന് താലിബാന്‍ വക്താക്കള്‍ പ്രസ്താവനയിലൂടെ മറുപടി നല്‍കി. ബുധനാഴ്ച താലിബാന്‍ കമാന്‍ഡര്‍മാരുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ പരസ്പരം ഏറ്റുമുട്ടലുണ്ടായതായും മുല്ലയെ എതിര്‍വിഭാഗം വെടിവച്ചുകൊന്നതായും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിഹുവാ റിപ്പോര്‍ട്ട്‌ചെയ്തു.

താലിബാന്‍ മേധാവിയായിരുന്ന മുല്ല ഒമര്‍ കൊല്ലപ്പെട്ടതോടെ താലിബാനില്‍ കടുത്ത ഭിന്നതയുയര്‍ന്നിരുന്നു. ഭീകര സംഘടനയില്‍ ശക്തമായ രണ്ടു ചേരിയുണ്ടാകുകയും ചെയ്തു.ഇതില്‍ ഒരു വിഭാഗത്തിന്റെ നേതാവായിരുന്ന മുല്ല അക്തര്‍ മന്‍സൂര്‍ താലിബാന്‍ മേധാവിയായെങ്കിലും എതിര്‍ വിഭാഗം മുല്ലയുമായി ശത്രുതയിലായിരുന്നു.
ബുധനാഴ്ച എതിര്‍പക്ഷത്തുള്ള ചില കമാന്‍ഡര്‍മാരുമായി തര്‍ക്കം ഉണ്ടാകുകയും അവര്‍ മുല്ലയെ വകവരുത്തുകയുമായിരുന്നു.സംഘടനയ്ക്കകത്ത് രൂക്ഷമായ യുദ്ധംതന്നെ നടന്നതായാണ് റിപ്പോര്‍ട്ട്. നിരവധിപേര്‍കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മുല്ല മന്‍സൂറിന് പരിക്കേറ്റതായി അഫ്ഗാനിസ്താന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
മുല്ല ഒമറിന്റെ മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഗസ്തിലാണ് മന്‍സൂര്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തത്. തുടര്‍ന്ന് താലിബാന്‍ പല ഗ്രൂപ്പുകളായി പിരിഞ്ഞു. ഒമര്‍ കുടുംബത്തിന്റെ അടുത്ത അനുയായിയായിരുന്ന മുല്ല മുഹമ്മദ് റസൂല്‍ ആണ് മന്‍സൂറിനെ ശക്തമായി എതിര്‍ത്ത് രംഗത്തുവന്നത്. ഫറാ, കുണ്ടൂസ്, സാബൂള്‍, നംഗര്‍ഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാസങ്ങളായി സംഘടനയ്ക്കകത്ത് കനത്ത ഏറ്റുമുട്ടല്‍ നടന്നുവരുന്നതായി അഫ്ഗാനിലെ രഹസ്യവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സംഘടനയ്ക്കകത്ത് തര്‍ക്കങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടായിട്ടില്ലെന്നും മുല്ല മന്‍സൂര്‍, ജിഹാദ് നയിക്കാന്‍ ഇപ്പോഴും ആരോഗ്യവാനാണെന്നുമാണ് താലിബാന്‍ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top