തിരുനല്‍വേലി: കഴിഞ്ഞ ദിവസം രാജ്യം കണ്ട ഏറ്റവും ഭീകരമായ കാഴ്ച്ചയാണ് കളക്ടറേറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയ കുടുംബത്തിന്റെ ചിത്രം. കളക്ട്രേറ്റില്‍ പരാതി പറയാന്‍ വന്ന ശരണ്യയും അക്ഷയ ഭരണികയും അമ്മയും നിന്ന് കത്തി മരിച്ചത് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ സംഭവത്തിലെ വേദന വര്‍ദ്ധിക്കുകയാണ്.
ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ ഇസക്കിമുത്തുവും ഭാര്യക്കും മക്കള്‍ക്കും പിന്നാലെ യാത്രയായി. കളക്ട്രേറ്റിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ഇസൈക്കിമുത്തുവിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വട്ടിപ്പലിശക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ കലക്ട്രേറ്റിലെത്തിയതായിരുന്നു. പരാതികളുടെ ഹിയറിംഗ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് ഇവര്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 1.45ലക്ഷം കടമായി വാങ്ങിയത് പലിശയടക്കം 2.34ലക്ഷമായി തിരികെ നല്‍കി. എന്നിട്ടും ഭീഷണി തുടര്‍ന്നു. ഒടുവില്‍ ഭീഷണി സഹിക്കാനാകാതെ വന്നപ്പോള്‍ കുടുബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.
മുന്‍പ് ആറു തവണ ഇതേ കലക്ടറുടെ മുന്നില്‍ വന്നിട്ടുണ്ട്. പരാതി ഓരോ തവണയും പൊലീസ് സ്റ്റേഷനിലേക്കു പോകും. വട്ടിപ്പലിശക്കാരുടെ ഭാഗം ന്യായമെന്നു തോന്നുന്ന പൊലീസ് അതങ്ങു കീറും. പലിശ പലിശയുടെ പലിശയും അടച്ച് മതിയായ കുടുംബം ഒടുവില്‍ മരണമാണ് എളുപ്പവഴിയെന്ന് കരുതുകയായിരുന്നിരിക്കണം.
എ്ന്നാല്‍ ആത്മഹത്യ ചെയ്ത ഇസക്കിമുത്തുവും സുബ്ബലക്ഷ്മിയും അഞ്ച് പേരില്‍ നിന്ന് കൂടി പണം വാങ്ങിയെന്ന് മാത്രമല്ല നിരവധി നാട്ടുകാര്‍ക്ക് പണം പലിശയ്ക്ക് കൊടുത്തിരുന്നെന്ന് പൊലീസ്. ജില്ലാ പൊലീസ് സൂപ്രണ്ടാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണത്തില്‍ തെളിഞ്ഞതാണ് ഈ വിവരങ്ങളെന്നാണ് എസ്പി ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇതുവരെ കിട്ടിയ വിവരങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും, അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് ഭാഷ്യം.തങ്ങളോട് വാങ്ങിയ പണം ദമ്പതികള്‍ തിരിച്ചുനല്‍കിയില്ലെന്ന് പലിശകൊടുപ്പുകാര്‍ പരാതിപ്പെട്ടിരുന്നുവെന്നും, നിയമപ്രകാരമാണ് അന്വേഷണമെന്നും ന്യായീകരണമുണ്ട്. ബ്ലേഡുകാരുടെ കൊള്ളയ്ക്ക് ഇരയായവര്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം ഇല്ലാത്തതെന്ന് ചോദിച്ചപ്പോള്‍, ദമ്പതികള്‍ നാലുപരാതികള്‍ നല്‍കിയെങ്കിലും, ഹാജരാവാന്‍ തയ്യാറായില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. പൊലീസുകാര്‍ അന്വേഷിച്ചുചെന്നപ്പോള്‍ അവര്‍ വസതിയിലില്ലായിരുന്നുവെന്ന വിചിത്ര ന്യായവും പറയുന്നുണ്ട്.