ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയ അക്രമികള്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭീഷണിപ്പെടുത്തി വാങ്ങി. ബംഗലുരുവിലാണ് ആരെയും ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. ടാക്സി ഡ്രൈവറായ യുവാവിനെ തട്ടിക്കൊണ്ട് പോയ ശേഷമാണ് അക്രമികള്‍ ക്രൂരത കാട്ടിയത്.
തട്ടിക്കൊണ്ട് പോയ ഡ്രൈവറെ ബന്ദിയാക്കിയശേഷം അക്രമികള്‍ ഇയാളുടെ ഭാര്യയെ വീഡിയോ കോളിലൂടെ വിളിക്കുകയും വസ്ത്രമഴിച്ച് പൂര്‍ണ നഗ്‌നയായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇവരുടെ ഭീഷണിക്ക് യുവതി വഴങ്ങിയതിന് പിന്നാലെ ഇവര്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
സോമേശേഖര്‍ എന്ന ടാക്സി ഡ്രൈവറെയാണ് അക്രമികള്‍ തട്ടിക്കൊണ്ട് പോയത്. സംഭവത്തെ പറ്റി സോമശേഖര്‍ പൊലീസനോട് പറഞ്ഞതിങ്ങനെ. ബെംഗളൂരുവിലെ അടുഗോഡിയില്‍ നിന്നും ദൊമ്മസാന്ദ്രയിലേക്ക് നാല് യാത്രക്കാര്‍ ചേര്‍ന്ന് വണ്ടി ബുക്ക് ചെയ്തു. രാത്രി 10 മണിയോടെ ഇവര്‍ സോമശേഖരന്റെ കാറില്‍ കയറി. 22 കിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ച് രാത്രി 10.30ന് യാത്രക്കാര്‍ പറഞ്ഞ സ്ഥലത്ത് വാഹനം എത്തി. എന്നാല്‍ ഇറങ്ങാന്‍ കൂട്ടാക്കാതെ ഇവര്‍ വാഹനം വീണ്ടും മുന്നോട്ട് ഓടിക്കാന്‍ ആവശ്യപ്പെട്ടു.
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ നാല് പേരും ചേര്‍ന്ന് സോമശേഖരനെ മര്‍ദിച്ച് അവശനാക്കി കാറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. ഇവരില്‍ ഒരാള്‍ വണ്ടിയോടിച്ചു. ഇങ്ങനെ ഏകദേശം 100 കിലോമീറ്ററോളം പിന്നിട്ടതായി സോമശേഖരന്‍ പറയുന്നു.
യാത്രയ്ക്കിടെ വിജനമായ സ്ഥലത്ത് വണ്ടിനിര്‍ത്തിയ സംഘം ഫോണ്‍ പിടിച്ചുവാങ്ങി സോമശേഖരന്റെ ഭാര്യയെ വീഡിയോകോള്‍ ചെയ്തു. സോമശേഖരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് നഗ്നയാക്കി. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുകയും ചെയ്തു.
പണം വേണമെന്ന് ആവശ്യപ്പെട്ട സംഘത്തിന് തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 9000 രൂപ സോമശേഖരന്‍ നല്‍കിയെങ്കിലും കൂടുതല്‍ ആവശ്യപ്പെട്ടു. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. പേടിഎം അക്കൗണ്ടില്‍ ഉണ്ടായിരുന്ന 20,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം ഇവര്‍ പിന്‍വലിച്ചതായും സോമശേഖരന്‍ പറയുന്നു.
രാമനഗര ജില്ലയിലെ ചന്നപ്പട്ടണ എന്ന സ്ഥലത്തെ ലോഡ്ജിലെത്തിയപ്പോള്‍ ശുചിമുറിയുടെ ജനല്‍വഴി രക്ഷപ്പെട്ട സോമശേഖരന്‍ ചന്നപ്പട്ടണ പൊലീസിനെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും അക്രമികള്‍ കൊണ്ടുപോയതായി സോമശേഖരന്‍ അഡുഗോഡി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത അടുഗോഡി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.