അനുമോദിക്കാനായി പെണ്‍സുഹൃത്തിനെ കെട്ടിപ്പിടിച്ച വിദ്യാര്‍ത്ഥിയുടെ നേരെ സ്‌കൂളിന്റെ സദാചാര പൊലീസിംഗ്; കേരളത്തിന് നാണക്കേടുണ്ടാക്കി വീണ്ടും സദാചാര ഗുണ്ടകള്‍

തിരുവനന്തപുരം: സദാചാര പൊലീസിന്റെ ആസ്ഥാനമായി നമ്മുടെ സംസ്ഥാനം മാറുന്നുവോ? കഴിഞ്ഞ കുറച്ച് നാളുകളായി സ്ത്രീ പുരുഷന്‍മാരെ വട്ടമിട്ട് നില്‍ക്കുകയാണ് കേരളത്തിന്റെ സദാചാര കണ്ണുകള്‍. സദാചാരക്കാര്‍ക്ക് കുട്ടികളെന്നോ പ്രായമേറിയവരെന്നോ വ്യത്യസമില്ല എന്നതാണ് കണ്ടുവരുന്ന രീതി. ഇപ്പോഴിതാ കേരളത്തിലെ ഒരു സ്‌കൂളിലെ അധ്യാപകരുടെ സദാചാര പൊലീസിംഗ് ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാകുന്നു.

കലോത്സവത്തിലെ മത്സരം കഴിഞ്ഞിറങ്ങിയ പെണ്‍സുഹൃത്തിനെ കെട്ടിപ്പിടിച്ച കുറ്റത്തിനായി രണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. മാര്‍ത്തോമ സഭയുടെ കീഴിലുള്ള തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ജൂലായില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളെയും ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. വിഷയം കോടതി കയറിയെങ്കിലും യാതാരു നടപടിയും ഉണ്ടായില്ല. സ്‌കൂള്‍ അധികൃതരുടെ കര്‍ശന നിലപാട് കാരണം തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 ജൂലായ് 21നാണ് സ്‌കൂളിലെ പ്രശ്നങ്ങള്‍ ആരംഭിച്ചത്. സ്‌കൂള്‍ കലോത്സവത്തിലെ വെസ്റ്റേണ്‍ സംഗീത മത്സരത്തില്‍ പങ്കെടുത്ത പെണ്‍സുഹൃത്തിനെ മത്സരം കഴിഞ്ഞശേഷം അനുമോദിക്കുന്നതിനായി വിദ്യാര്‍ത്ഥി കെട്ടിപ്പിടിച്ചതാണ് അദ്ധ്യാപകരെ ചൊടിപ്പിച്ചത്. കലോത്സവത്തില്‍ മത്സരത്തില്‍ പങ്കെടുത്ത് സ്റ്റേജില്‍ നിന്നിറങ്ങിയ പെണ്‍സുഹൃത്തിനെ വിദ്യാര്‍ത്ഥി കെട്ടിപ്പിടിച്ച സംഭവമാണ് അദ്ധ്യാപകര്‍ പറഞ്ഞുപെരുപ്പിച്ചത്. ഇതോടെ ചെറിയ പ്രശ്നം ഗുരുതരമായി മാറുകയും ചെയ്തു.

വിദ്യാര്‍ത്ഥി പെണ്‍സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നത് ഒരു അദ്ധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെയും വൈസ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൊണ്ടുപോയി അദ്ധ്യാപികമാര്‍ ചോദ്യം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത പെണ്‍സുഹൃത്തിനെ അനുമോദിക്കുന്നതിനായാണ് കെട്ടിപ്പിടിച്ചതെന്നും, അതിനെ മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും 16 കാരന്‍ അദ്ധ്യാപികമാരോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും ചെവികൊള്ളാന്‍ അദ്ധ്യാപികമാര്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ടുപേരോടും ഒരാഴ്ചത്തേക്ക് സ്‌കൂളില്‍ വരേണ്ടതില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

വൈസ് പ്രിന്‍സിപ്പല്‍ താക്കീത് നല്‍കി വിട്ടയക്കാന്‍ ശ്രമിച്ചപ്പോള്‍ സ്‌കൂളിലെ മറ്റു അദ്ധ്യാപികമാരാണ് പ്രശ്നം വഷളാക്കിയതെന്നാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം. ഇതിനിടെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തങ്ങളുടെ മുന്നില്‍വച്ച് അദ്ധ്യാപികമാര്‍ കുട്ടിയെ അധിക്ഷേപിച്ചതായും, 16കാരനായ മകനെ വിത്തുകാളയെന്ന് വിശേഷിപ്പിച്ചതായും രക്ഷിതാക്കള്‍ പറഞ്ഞു. അതിനിടെ കെട്ടിപ്പിടുത്തം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെയും സ്‌കൂള്‍ അധികൃതര്‍ നിയോഗിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്താണ് അന്വേഷണ സമിതി വിദ്യാര്‍ത്ഥികളുടെ ‘തെറ്റായ ബന്ധം’ കണ്ടെത്തിയത്. തുടര്‍ന്നാണ് രണ്ട് വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താക്കിയത്.

സ്‌കൂളിന്റെ നടപടിക്കെതിരെ രക്ഷിതാക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസം തടയരുതെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍ ഉത്തരവും പുറത്തിറക്കി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകളായി കണ്ടെത്തിയ ഇന്‍സ്റ്റാഗ്രാം സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്.

സ്‌കൂള്‍ അധികൃതരുടെ നടപടിയെ ശരിവയ്ക്കുന്ന രീതിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്‌കൂളിന് അധികാരമുണ്ടെന്നായിരുന്നു കോടതി വിധി. ഇതോടെയാണ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങിയത്. അതേസമയം പുരോഹിതരുടെയും മെത്രാന്മാരുടെയും ലൈംഗിക അരാജകത്വത്തിന് കുപ്രസിദ്ധി നേടിയ സഭയുടെ നിയന്ത്രണലുള്ള സ്‌കൂളിലെ നപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുന്നുണ്ട്.

Top