ന്യൂഡല്‍ഹി: സാങ്കേതിക തകരാര്‍ മൂലം ഫോണ്‍ സംസാരം തടസ്സപ്പെട്ടാല്‍ മൊബൈല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം നിയന്ത്രണ അതോറിറ്റി. നഷ്ടപരിഹാരം എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരു രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് നിര്‍ദ്ദേശമെന്നും, ഒരു ദിവസം മൂന്നില്‍ കൂടുതല്‍ തവണ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ട്രായ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.ഇതുസംബന്ധിച്ച നിര്‍ദേശം മൊബൈല്‍ സേവനദാതാക്കള്‍ക്ക് ട്രായ് നല്‍കി. എന്നാല്‍ നഷ്ടപരിഹാരതുക എത്രയാണെന്ന് പിന്നീട് തീരുമാനിക്കും.
കോള്‍ ഡ്രോപ് സംബന്ധിച്ച് ടെലികോം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രായ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. കോള്‍ഡ്രോപ് സംബന്ധിച്ച് ടെലികോം വകുപ്പ് ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചിരുന്നു.
ഏറ്റവും തിരക്കുള്ള സമയങ്ങളിലുള്ള കോള്‍ ഡ്രോപ് പ്രശ്നം കഴിഞ്ഞ ഒരു വര്‍ഷമായി ഇരട്ടിച്ചിരിക്കുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.ഒരു കോള്‍ കട്ടായാല്‍ കോളര്‍ വീണ്ടും ആ നമ്പറിലേക്ക് ഡയല്‍ ചെയ്യും. ഇത് മൊബൈല്‍ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്നു എന്നും ഇതിനാലാണ് പ്രശ്നം പരിഹരിക്കാന്‍ കമ്പനികള്‍ ശ്രമിക്കാത്തതെന്നുമാണ് വിമര്‍ശം. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ കമ്പനികള്‍ തയാറാകാത്തതിനാലാണ് കോള്‍ ഡ്രോപ് പ്രശ്നം വര്‍ധിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
കോള്‍ മുറിഞ്ഞാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ഒരുരൂപ നല്‍കണം:ട്രായ്
Tags: telephone