തിരുവനന്തപുരം: കേരളത്തില്‍ ശബരിമലയില്‍ മാത്രമല്ല സത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ശബരിമലയെക്കൂടാതെ വേറെയും ക്ഷേത്രങ്ങളില്‍ പണ്ടുമുതലേ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ അവയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
കോട്ടയം ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളില്‍ പൂര്‍ണമായും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നിശ്ചിത സമയം മാത്രമാണ് സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.
കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് രാത്രി 7 ന് ശേഷം നടക്കുന്ന അത്താഴ പൂജക്ക് ശേഷം മാത്രമാണ് പ്രവേശനം. മറ്റു സമയങ്ങളില്‍ ചുറ്റമ്പലത്തിന് പുറത്തു നിന്ന് തൊഴുതു പോകാം. എന്നാല്‍ ശിവരാത്രി ദിവസം സ്ത്രീകള്‍ക്ക് എല്ലാ സമയത്തും പോകാം.
രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും ഉൾപ്പെടെയുള്ളവർ സന്ദർശിക്കുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം പ്രശസ്തമാക്കിയത് ഇവരുടെ സന്ദർശനങ്ങളാണ്. സന്ദർശനത്തോടൊപ്പം വിവാദങ്ങളും ഇവിടെ ഉണ്ടാകാറുണ്ട്. സിനിമാ താരം മീരാ ജാസ്മിൻ, കർണ്ണാടകയിലെ ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തുടങ്ങിയവരാണ് ഇവിടം സന്ദർശിക്കുന്ന പ്രമുഖർ. കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് ഒട്ടേറെ രാഷ്ട്രീയ നേതാക്കൾ ഇവിടെ എത്താറുണ്ട്.
ഭാരതത്തിലെ ഏറ്റവും പുരാതന ശക്തി പീഠങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ശിവനും സതിയുമായി ബന്ധപ്പെട്ടതാണ്യ സതീ ദേവിയുടെ സ്വയം ദഹനത്തിനു ശേഷം സതിയുടെ തല വന്നു വീണത് ഇവിടെയാണെന്നാണ് വിശ്വാസം.
മലബാറിലെ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. അന്ന് അക്രമണം നടന്നപ്പോൾ ക്ഷേത്രം രക്ഷിക്കാനായി ആദ്യം എത്തിച്ചേർന്നത് അടുത്തുള്ള മുസ്ലീം സമുദായക്കാരാണത്രെ. വിശ്വാസികൾ പോലും മാറി നിന്നപ്പോൾ പടയാളകളിട്ട തീ അണച്ചത് സ്വന്തം ജീവൻ പോലും മാറ്റി നിർത്തി ഓടിവന്ന മുസ്ലീം സമുദായക്കാരാണ്. പിന്നീട് ക്ഷേത്രത്തിനുള്ളിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ സഹായിക്കാനായി മുസ്ലീം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാം എന്ന് വ്യവസ്ഥയുണ്ടാക്കിയത്രെ.
കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിഗ്രഹത്തിന് മുന്നില്‍ വന്ന് ദര്‍ശനം നടത്താന്‍ അനുവദിക്കുന്നില്ല. പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം.
തൃക്കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമേയുള്ളു പ്രവേശനം. പ്രായപൂര്‍ത്തിയായ സ്ത്രീജനങ്ങള്‍ ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അവര്‍ മുരുകനെ ദര്‍ശിക്കാനെത്തുമ്പോള്‍ എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്‍. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന്‍ അനുവദിക്കാത്തത്. ഇതാണ് ഒരു ഐതിഹ്യമായി പറയുന്നത്. കുറേക്കാലം മുമ്പുവരെ എല്ലാവരേയും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ദേവപ്രശ്‌നം വെച്ചപ്പോള്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ നേരിട്ട് ഭഗവാനെ ദര്‍ശിക്കരുതെന്ന് കണ്ടു. ഇതിന്‍ പ്രകാരമാണ് പിന്നീട് നിയന്ത്രണം വന്നത്. അപ്പോഴും അവിടെ സ്ത്രീകള്‍ക്ക് വിവേചനം കല്‍പിച്ചിട്ടില്ല എന്നതും കൗതുകമാണ്. കാരണം സ്ത്രീജനങ്ങള്‍ക്ക് ഭഗവാനെ നേരിട്ടല്ലെങ്കിലും ഒരു നോക്ക് കാണേണ്ടതുണ്ട്. വാസ്തുവിദ്യയുടെ സഹായത്താല്‍ അതിനൊരു വഴിയും അവര്‍ക്ക് മുന്നിലുണ്ട്. വാസ്തുശാസ്ത്ര പാരമ്പര്യത്തിന്റെ ബലത്തില്‍, ക്ഷേത്ര ഇടനാഴിയില്‍ നിന്ന് ഭഗവാനെ നേരില്‍ കണ്ടു പ്രാര്‍ത്ഥിക്കുന്ന ഭക്തകളെ നേരിട്ടുകാണാന്‍ കഴിയാത്ത രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ് ശ്രീകോവില്‍ നിര്‍മാണത്തിന്റെ വാസ്തുഘടന.
ഒരു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമില്ലാത്ത ക്ഷേത്രമാണ് പാലാ കയ്യൂര്‍ തേവര്‍മല ശങ്കര നാരായണ ക്ഷേത്രം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയുന്ന കളപ്പുറത്ത് ഭീമന്റെ കഥയിലെ പ്രസിദ്ധമായ സ്ഥലമാണിത്.