
ചെന്നൈ: ചെന്നൈയിലും കാഞ്ചിപുരത്തും ഭീകരാക്രമണ ഭീഷണി. ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ കേന്ദ്രീകരിച്ച്പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദിൻ്റെ ഭീഷണിയാണ് എത്തിയിരിക്കുന്നതെന്നാണ് വിവരം. പോലീസ് സുരക്ഷ ശക്തമാക്കി. കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും, ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കനത്ത സുരക്ഷയൊരുക്കി.
ബോംബ് ആക്രമണത്തിന് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലും
കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് യാത്രക്കാരെയും ഭക്തരെയും കടത്തി വിടുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞമാസം രജിസ്ട്രാര്‍ക്ക് ഒരു കത്ത് ലഭിച്ചിരുന്നു. കത്തിന്റെ ഉറവിടം എവിടെയെന്ന് വ്യക്തമല്ല.
അതേസമയം, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടായിരുന്നു. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം. സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.