കൊച്ചി:പയ്യന്മാർ ശല്യം ചെയ്താൽ പെണ്ണുങ്ങൾ ആസ്വദിക്കും ‘എന്നും സ്ത്രീവിരുദ്ധ, സെക്സിസ്റ്റ് പരാമർശവുമായി ബിജെപി നേതാവ് ടിജി മോഹൻദാസ്. ബസിൽ വച്ച് പയ്യന്മാർ ശല്യം ചെയ്താൽ അത് പെണ്ണുങ്ങൾ ആസ്വദിക്കും എന്നാണ് ടിജി മോഹൻദാസ് തൻ്റെ ട്വിറ്ററിൽ കുറിച്ചത്. ട്വീറ്റിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്.
കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇതിനെ ഉദ്ധരിച്ച് ടിജി മോഹൻദാസ് ആദ്യ ഒരു ട്വീറ്റിട്ടു. ’65 വയസ്സ് കഴിഞ്ഞ കിഴവൻമാർ പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികൾക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവൻമാർ മഹാശല്യമാണെന്നേ.. ഇല്ലേ?’- ഇങ്ങനെയായിരുന്നു ആദ്യ ട്വീറ്റ്. ഇതിൻ്റെ തുടർച്ചയെന്നോണമാണ് രണ്ടാമത്തെ ട്വീറ്റ് മോഹൻദാസ് കുറിച്ചത്.
‘ഞാൻ പറഞ്ഞത് സത്യമാണ്. 55 – 75 വയസ്സുള്ള കിളവൻമാരാണ് ചെറുപ്പക്കാരികളെ ബസ്സിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യൻമാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ് – എന്നുവെച്ച് സത്യം പറയാതിരിക്കാൻ പറ്റില്ല’- ഇങ്ങനെയാണ് മോഹൻദാസ് രണ്ടാമതായി ട്വീറ്റ് ചെയ്തത്.
ഡൽഹിയിലെ ബസിൽ വച്ച് നിർഭയയെ ക്രൂരമായ കൂട്ട ബലാത്സംഗത്തിരയാക്കി കൊലപ്പെടുത്തിയവർക്ക് രാജ്യം വധശിക്ഷ നൽകിയ അതേ ദിവസം തന്നെയാണ് മോഹൻദാസിൻ്റെ ട്വീറ്റ്. ഒട്ടേറെ ആളുകൾ ട്വീറ്റിനെ വിമർശിച്ച് രംഗത്തെത്തി. അതേ സമയം, ട്വീറ്റിനെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം നിര്‍ഭയ കേസിലെ വധശിക്ഷ മാറ്റിവയ്ക്കുന്നതിനായി അവസാന ശ്രമം എന്ന നിലയിൽ പ്രതിഭാഗം പുലർച്ചെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വധശിക്ഷ നീട്ടിവയ്ക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. തുടർന്ന് പ്രതികളുടെ ആരോഗ്യ പരിശോധന നടത്തി. അതിന് ശേഷം നാല് പേരുടേയും വധശിക്ഷ ഒരുമിച്ചാണ് നടപ്പിലാക്കിയത്.
നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതില്‍ പ്രതികരിച്ച് നരേന്ദ്ര മോദി. സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും നീതി നടപ്പായെന്നും നരേന്ദ്രമോദി പ്രതികരിച്ചു. നമ്മുടെ സ്ത്രീ ശക്തി എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയിട്ടുണ്ടെന്നും സമത്വത്തില്‍ ഊന്നി സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രത്തിനായി നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.