കണ്ണൂര്‍: സി.പി.ഐ.എം ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരി ഇല്ലത്ത് താഴയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന എട്ട് സ്റ്റീല്‍ കണ്ടെയ്‌നറുകളും പ്രദേശത്തു നിന്ന് പിടികൂടി. ആള്‍താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.
ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെടുത്തത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയ്ഡില്‍ പങ്കെടുത്തു. ഉഗ്ര സ്‌ഫോടകശേഷിയുള്ളതും അടുത്തിടെ നിര്‍മിച്ചതുമാണ് ബോംബുകളെന്ന് ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘര്‍ഷം നിലവിലുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന മധ്യ വയസ്‌കന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞിരുന്നു. ബോംബ് ഇയാളുടെ ദേഹത്ത് തട്ടാതെ പിറകില്‍ വീണ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലനാരാഴിക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്.
കൊടിമരം നശിപ്പിക്കലും കച്ചവടക്കാരനെ ഭീഷണിപ്പെടുത്തലും ഹര്‍ത്താലും പിക്കറ്റ് പോസ്റ്റിലെ പോലീസുകാരനെ കൈയ്യേറ്റം ചെയ്യലും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ പ്രദേശത്ത് നടന്നിരുന്നു. തുടര്‍ന്നാണ് ആയുധങ്ങള്‍ക്കും സ്‌ഫോടക വസ്തുക്കള്‍ക്കുമായി പൊലീസ് വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്തിയത്. ബോംബുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ റെയ്ഡ് തുടരാനാണ് പോലീസിന്റെ തീരുമാനം.