കണ്ണൂരില്‍ സിപിഎം ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ ലീഗ് നേതാവ് മരിച്ചു,തളിപ്പറമ്പില്‍ സംഘര്‍ഷാവസ്‌ഥ

തളിപ്പറമ്പ്‌ :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസം സിപിഎം – ലീഗ് സംഘട്ടനത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലീഗ് പ്രാദേശിക നേതാവ് മരിച്ചു. തളിപ്പറമ്പ് ഫാറൂഖ് നഗറിലെ കെ.വി.എം.കുഞ്ഞി(58)യാണ് മംഗലാപുരം ഇന്‍ഡ്യാന ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം കുറ്റിക്കോല്‍ എല്‍.പി സ്‌ക്കൂളിന് സമീപം ലീഗിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമവും ബോംബേറും നടന്നിരുന്നു.

പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും തുടര്‍ന്നു മംഗലാപുരം ഇന്ത്യാന ആശുപത്രിയിലും പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. രാത്രി എട്ടോടെ തളിപ്പറമ്പിലെത്തിച്ച മൃതദേഹം ഫാറൂഖ്‌ നഗറില്‍ പൊതുദര്‍ശനത്തിനുവച്ചു. രാത്രി 10-നു ഫാറൂഖ്‌ നഗര്‍ ജുമാമസ്‌ജിദ്‌ കബര്‍സ്‌ഥാനില്‍ കബറടക്കി. പരേതനായ അബ്‌ദുള്ളയുടെയും ആയിഷയുടെയും മകനാണ്‌. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഇസ്‌മയില്‍, ഇര്‍ഷാദ്‌, ഇസ്‌ഹാഖ്‌,ആയിഷാബി. മരുമകന്‍: സിദ്ദിഖ്‌ (വ്യാപാരി, തളിപ്പറമ്പ്‌). തളിപ്പറമ്പില്‍ ഹര്‍ത്താല്‍ ആചരിച്ചു. സംഘര്‍ഷമേഖലയായ ഇവിടെ പോലീസ്‌ കനത്തസുരക്ഷയൊരുക്കി.

Top