അണികളെ അസത്യം പറയാന്‍ പഠിപ്പിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്; മോദിയെ പൊക്കിപ്പറയണമെന്നും അതില്‍ കുഴപ്പമില്ലെന്നും നേതാവ്

അണികളെ കള്ളം പറയാന്‍ പഠിപ്പിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്. കര്‍ണ്ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്. ഈശ്വരപ്പ പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വേണമെങ്കില്‍ നുണ പറഞ്ഞോളു, പക്ഷെ അറിയില്ലെന്ന് മാത്രം സമ്മതിച്ച് കൊടുക്കരുതെന്നാണ് നേതാവിന്റെ ഉപദേശം.

വാജ്പയി ഭരണകാലത്ത് പാകിസ്താനികള്‍ ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയത് നിങ്ങള്‍ക്ക് അറിയുമോ ? നിങ്ങള്‍ അത് കണ്ടിട്ടുണ്ടോ ? എന്ന ചോദ്യത്തിന് വാജ്പേയ് ഭരണകാലത്ത് അത് ചെയ്യാനുള്ള ചങ്കൂറ്റം പാകിസ്താനികള്‍ക്ക് ഇല്ലാ എന്നാണ് ഉത്തരം നല്‍കേണ്ടതെന്ന് ഈശ്വരപ്പ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മന്‍മോഹന്‍സിംഗിന്റെ കാലത്താണെങ്കില്‍ പാകിസ്താനികള്‍ ഇന്ത്യന്‍ സൈനികരെ അരുംകൊല ചെയ്തെന്ന് പറയണമെന്നും നരേന്ദ്ര മോദിയുടെ കാലത്തെക്കുറിച്ച് പറയുമ്പോള്‍ പാകിസ്താനികളെ വെറുതെ വിട്ടിട്ടില്ല എന്ന് വേണം പറയാനെന്നുമാണ് ഈശ്വരപ്പ പ്രവര്‍ത്തകരെ പഠിപ്പിക്കുന്നത്.

പത്തു പേരെ എങ്കിലും കൊന്നിട്ടുണ്ട്, നരേന്ദ്ര മോദി ശക്തനാണ് ഇങ്ങനെയൊക്കെ വേണം പറയാനെന്നും അത് പറയുന്നതില്‍ എന്താണ് തെറ്റെന്നും നിങ്ങള്‍ക്ക് വലിയ ധാരണയൊന്നുമില്ലാത്ത കാര്യമായിരിക്കും, പക്ഷെ നരേന്ദ്ര മോദിയുടെ പേര് ഉപയോഗിക്കണമെന്നും ഈശ്വരപ്പ പ്രവര്‍ത്തകരെ ഉപദേശിക്കുന്നുണ്ട്.

ലോകം മുഴുവന്‍ അംഗീകരിച്ച കാര്യമാണ് മോദി ശക്തനാണെന്നത്. അതുകൊണ്ട് ചെറിയ ഹൈപ്പ് കൊടുക്കുന്നതിന് തെറ്റൊന്നുമില്ലെന്നും വീഡിയോയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം 75,000ത്തില്‍ കൂടുതല്‍ ആളുകള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെ വിവിധ രാഷ്ട്രീയ കോണുകളില്‍നിന്നായി ബിജെപി കല്ലേറ് വാങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നാണ് ഇപ്പോള്‍ എതിര്‍പാര്‍ട്ടിക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

രാഷ്ട്രീയക്കാര്‍ ഇത്ര തരംതാഴാന്‍ പാടില്ലെന്നാണ് ഇതേക്കുറിച്ച് ജെഡിഎസ് നേതാവ് ജെഎസ്വി ദത്തയുടെ പ്രതികരണം. ബിജെപിയുടെ നിലപാടും സംസ്‌കാരവും തന്ത്രവുമാണ് ഈ വാക്കുകളിലൂടെ പ്രകടമായിരിക്കുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് പാര്‍ട്ടിയുടെ ആഭ്യന്തര യോഗമായിരുന്നെന്നും ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമായിരുന്നു ഈശ്വരപ്പയുടെ മറുപടി.

Top