
ശബരിമല: യുവമോര്‍ച്ച യോഗത്തിനിടെ പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്. നട അടയ്ക്കുന്നത് സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് ഒരു തരത്തിലുള്ള നിയമോപദേശവും തേടിയിരുന്നില്ല എന്ന് തന്ത്രി വ്യക്തമാക്കി.ശ്രീധരന്‍പിള്ളയോട് സംസാരിച്ചിട്ടില്ലെന്നും കോടതിയലക്ഷ്യമെന്ന ഭയം ഇല്ലെന്നും തന്ത്രി വ്യക്തമാക്കി.യുവതി പ്രവേശിച്ചാല്‍ ക്ഷേത്രനട അടയ്ക്കുമെന്ന നിലപാട് സ്വീകരിച്ചത് ആരോടും നിയമോപദേശം ചോദിച്ചിട്ടല്ല. തന്റെ പ്രസ്താവനക്ക് മുമ്പ് കൂടിയാലോചിച്ചത് കാരണവരായ മോഹനരോട് മാത്രമാണ്. ക്ഷേത്രനട അടയ്ക്കുമെന്ന തീരുമാനം അതിന് ശേഷമാണ് എടുത്തത്. ശ്രീധരന്‍പിള്ളയുമായി അന്നേദിവസം സംസാരിച്ചിട്ടില്ലെന്നും തന്ത്രി പറഞ്ഞു.
യുവതി പ്രവേശനം സംബന്ധിച്ച വിധി വന്ന ശേഷം ഒരിക്കല്‍ ശ്രീധരന്‍ പിള്ള കുടുംബത്തില്‍ വന്നിട്ടുണ്ടെന്നും അന്ന് മറ്റ് കാര്യങ്ങളാണ് സംസാരിച്ചതെന്നും തന്ത്രി വ്യക്തമാക്കി. ശബരിമല സമരം ആസൂത്രിതമാണെന്നും യുവതീ പ്രവേശമുണ്ടായാൽ നട അടച്ചിടുമെന്നും തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ച ശേഷമാണെന്നുമായിരുന്നു യുവമോര്‍ച്ച വേദിയില്‍ ശ്രീധരൻപിള്ള പ്രസംഗിച്ചത്.
ശബരിമല വിഷയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരമാണെന്ന് ശ്രീധരന്‍പിള്ള പറയുന്ന ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു . ഇന്നലെ കോഴിക്കോട് വെച്ച് നടന്ന യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗമാണ് പുറത്തായത്.ശബരിമല സമരം ആസൂത്രണം ചെയ്തത് നമ്മളാണ്. നമ്മള്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു. നട അടക്കുന്നത് കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി തന്നോട് ചോദിച്ചു. ഒറ്റക്കാവില്ല ബി.ജെ.പി കൂടെയുണ്ടാകുമെന്ന് താന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തന്ത്രി ധീരമായ നിലപാടെടുത്തതെന്നും പിള്ള യോഗത്തില്‍ പറയുന്നു.