മലപ്പുറം: താനൂർ വിനോദയാത്രാ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ച ഇരുപത്തിരണ്ട് പേരിൽ ഒമ്പത് പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേരാണ് മരിച്ചത്. സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ ഹസ്ന ( 18 ), ഷഫല (13) ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന ( 27 ) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്.
കുഞ്ഞുങ്ങൾ ഒന്നിച്ച് കളിച്ച് വളർന്ന വീട്ടിലേക്ക് ഒമ്പത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം കൊണ്ടുവരും. മരണവാർത്തയറിഞ്ഞ് കണ്ണീർ വാർക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും. ഈ കുടുംബത്തോട് ചേർന്ന് നിൽക്കുന്ന അകന്ന ബന്ധുക്കൾ കൂടിയായ മറ്റൊരു മൂന്ന് പേരും ബോട്ടപകടത്തിൽ മരിച്ചിട്ടുണ്ട്.
അതേസമയം താനൂരില്‍ അപകടത്തില്‍പ്പെട്ടത് രൂപമാറ്റം വരുത്തിയ ബോട്ടെന്ന് ആരോപണം. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊന്നാനിയിലെ ലൈസന്‍സ് ഇല്ലാത്ത യാര്‍ഡില്‍ വെച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും സൂചനയുണ്ട്.
ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ രൂപരേഖയുള്‍പ്പടെയുള്ള നിര്‍മ്മാണത്തിന്റെ എല്ലാ വിവരങ്ങളും സമര്‍പ്പിക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് പോര്‍ട്ട് സര്‍വേയര്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ബോട്ട് സര്‍വീസിനിറങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരും ബോട്ടിനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
മത്സ്യബന്ധന ബോട്ട് ഒരു കാരണവശാലും രൂപമാറ്റം വരുത്തി ഉല്ലാസ യാത്രക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഉല്ലാസബോട്ട് യാത്രയിലെ സാധ്യതകള്‍ മനസ്സിലാക്കി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി ബോട്ടുകളാണ് സര്‍വീസ് ആരംഭിച്ചത്. പല ബോട്ടുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സര്‍വീസ് നടത്തുന്നത്.
ബോട്ടിന് മുകളില്‍ ആളുകളെ കയറ്റി യാത്ര ചെയ്യാന്‍ പാടില്ലെന്ന് കര്‍ശന നിയന്ത്രണം ലംഘിച്ചാണ് പലപ്പോഴും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. ഫൈബര്‍ കസേരകള്‍ നിരത്തിയിട്ടാണ് യാത്രക്കാരെ ബോട്ടിന് മുകളില്‍ ഇരുത്തുന്നത്. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും കളക്ടറെ വരെ വിവരമറിയിച്ചിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.