തൃശൂര്‍: തൃശൂരിൽ വള്ളത്തിന്റെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ കാവിലമ്മ എന്ന ഇന്‍ബോഡ് വള്ളത്തിന്റെ എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികളെയാണ് ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ (19 കിലോമീറ്റര്‍) അകലെ ചാമക്കാല പടിഞ്ഞാറ് ഭാഗത്തുവെച്ചാണ് എന്‍ജിന്‍ നിലച്ചത്. കടലിൽ കുടുങ്ങിയ വള്ളവും വലപ്പാട് സ്വദേശികളായ 40 മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്. വലപ്പാട് സ്വദേശി ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എന്‍. പ്രശാന്ത്കുമാര്‍, ഇ.ആര്‍. ഷിനില്‍കുമാര്‍, വി.എം. ഷൈബു, സിവില്‍ പോലീസ് ഓഫീസര്‍ അവിനാഷ്, റസ്‌ക്യൂ ഗാര്‍ഡ്മാരായ ഫസല്‍, ഷിഹാബ്, അജിത്ത് കുമാര്‍, ബോട്ട് സ്രാങ്ക് റസാക്ക്, എന്‍ജിന്‍ ഡ്രൈവര്‍ റഷീദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.