അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 പേര്‍ മരിച്ചു

JW292_0815mi_P_20150815105742

റോം: അഭയാര്‍ത്ഥികളുമായി പോയ ബോട്ട് കടലില്‍ മുങ്ങി താണു. 540 പേരുമായി പോയ ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പ്പെട്ടത്. 500 ഓളം പേര്‍ മുങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന 40 ഓളം പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ കരയ്ക്കടുത്തപ്പോഴാണ് വിവരം അറിയുന്നത്.

ലിബിയയിലെ ടോബര്‍കില്‍ നിന്നും ഇറ്റലിയിലേക്കു കടക്കാന്‍ ശ്രമിച്ച സംഘമാണ് അര്‍ദ്ധരാത്രി ദുരന്തത്തില്‍പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടിലാണ് രക്ഷപ്പെട്ടവര്‍ തീരത്ത് എത്തിയത്. ഇവരില്‍ എന്ത്യോപ്യ, സൊമാലിയ, സുഡാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷപ്പെട്ടവര്‍ ദക്ഷിണ ഗ്രീക്ക് നഗരമായ കലമതയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോട്ടില്‍ 540 ഓളം പേര്‍ ഉണ്ടായിരുന്നതായും വളരെ കുറച്ച് പേര്‍ക്കു മാത്രമാണ് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും ഒരു സൊമാലി അഭയാര്‍ത്ഥി പറഞ്ഞു. മെഡിറ്ററേനിയനില്‍ എത്തിയ അഭയാര്‍ത്ഥികളെ മറ്റൊരു വലിയ ബോട്ടിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. 240 പേരായിരുന്നു തങ്ങളുടെ ചെറിയ ബോട്ടില്‍ ഉണ്ടായിരുന്നത്. തങ്ങള്‍ കയറിയ വലിയ ബോട്ടില്‍ 300 ഓളം പേര്‍ വേറെയുണ്ടായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. അപകട സമയത്ത് അതുവഴി വന്ന ഒരു ചരക്കുകപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ലിബിയയില്‍ നിന്നും ലാമ്പഡുസയിലേക്കുള്ള യാത്രയ്ക്കിടയില്‍ ബോട്ടുമുങ്ങി 800 പേര്‍ മരിച്ച ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് സമാനമായ ദുരന്തം ആവര്‍ത്തിച്ചത്. അതേസമയം, ലിബിയന്‍ തീരത്ത് റബര്‍ ബോട്ട് മുങ്ങി ആറു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 108 പേരെ രക്ഷപ്പെടുത്തി. യന്ത്രത്തകരാറായിരുന്നു അപകടകാരണം.

Top