ബെംഗളൂരു: ദളിത് യുവാവിന്റെ ഇടതു കൈ വെട്ടിമാറ്റിയ സംഭവത്തിലെ പ്രതികൾക്ക് പിടികൂടാനുള്ള ശ്രമത്തിൽ വെടിയുതിർത്ത് കർണാടക പൊലീസ്. കർണാടകയിലെ രാമനഗരയിൽ ജൂലൈ 21നാണ് ദളിത് യുവാവിനെ കൈ അക്രമികൾ വെട്ടി മാറ്റിയത്. ഞായറാഴ്ചയാണ് പൊലീസ് അക്രമികളെ വെടിവച്ച് പിടികൂടിയത്. വെടിവയ്പിൽ പരിക്കേറ്റ അക്രമികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരും അപകടനില തരണം ചെയ്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാമനഗരയിലെ ദളിത് കോളനിയിലെത്തിയ ഏഴംഗ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ കണ്ട് സ്ത്രീകൾ അടക്കം ഏഴുപേർക്കാണ് പരിക്കേറ്റത്. കോൺഗ്രസ് നേതാവിന്റെ മകനായ അനിഷ് കുമാർ എന്ന യുവാവിന്റെ കയ്യാണ് അക്രമികൾ വെട്ടിമാറ്റിയത്. പരിക്കേറ്റ യുവാവിനെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുകയാണ്. സംഭവത്തിന് തൊട്ടടുത്ത ദിവസം കൈമ, കണ്ണൻ എന്നീ അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇരുവരും ഒളിവിൽ പോവുകയായിരുന്നു.
അക്രമം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് ഇവരേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ അക്രമികൾ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് വെടിവച്ചത്. അതിക്രമിച്ച് കടന്ന് ഗുരുതരമായി ആക്രമിച്ച് മുറിവേൽപ്പിച്ചതിനും ദളിത് വിഭാഗത്തിനെതിരായ ആക്രമണത്തിനുമാണ് ഇവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്.