കണ്ണൂര്‍: സിപിഎം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തുന്നതിനെതിരെ ബിജെപിയുടെ വിമര്‍ശനവും പരിഹാസവുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ആരോപണവുമായി ജില്ലാ തിടമ്പ് നൃത്തവേദി രംഗത്തെത്തി. സിപിഎം നടത്തിയ ശ്രീകൃഷ്ണ ഘോഷയാത്രയിലെ തിടമ്പുനൃത്തമാണ് വിവാദമുണ്ടാക്കുന്നത്.
പാര്‍ട്ടി ബക്കളം ലോക്കല്‍ കമ്മിറ്റി നടത്തിയ സാംസ്‌കാരിക ഘോഷയാത്രയിലാണ് പ്രശസ്തമായ തളിപ്പറമ്പ് തൃച്ചംമ്പരം ക്ഷേത്രത്തിലെ ഉല്‍സവത്തിനു സമാനമായ തിടമ്പുനൃത്തം അരങ്ങേറിയത്. ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത് നടയിലാണ് ശ്രീകൃഷ്ണന്റേയും ബലരാമന്റേയും തിടമ്പേറ്റിയ നൃത്തം നടക്കാറുള്ളത്. എന്നാല്‍ ഘോഷയാത്രയില്‍ മതചിഹ്നം ഒഴിവാക്കാന്‍ പാര്‍ട്ടിനിര്‍ദ്ദേശമുണ്ടായെങ്കിലും അത് പൂര്‍ണ്ണമായും പാലിക്കപ്പെട്ടില്ല.
ക്ഷേത്രാചാരങ്ങളുടെ ഭാഗമായി വിശ്വാസപ്രകാരം നടത്തിവരുന്ന തിടമ്പ് നൃത്തത്തെ തെരുവില്‍ കെട്ടിതുള്ളുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ തിടമ്പ് നൃത്തവേദി ചൂണ്ടിക്കാട്ടുന്നു. നെഞ്ചിലും നെറ്റിയിലും ചന്ദനം പൂശിയും കസവ് മുണ്ട് തറ്റുടുത്തും മതപരിവേഷം വൃക്തമാക്കുന്നതായിരുന്നു തിടമ്പ് നൃത്തം. എന്നാല്‍ സിപിഎമ്മിന്റെ സാംസ്‌കാരിക ഘോഷയാത്രയില്‍ തിടമ്പ്നൃത്തം നടത്തിയത് തൃച്ചംബരത്തെ പോലെ കൃഷ്ണനേയും ബലരാമനേയും ഉദ്ദേശിച്ചല്ലെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
വര്‍ഷങ്ങളായി തിടമ്പ് നൃത്തകലാകാരന്മാരായ ബാലകൃഷ്ണനും രമേശനുമാണ് നൃത്തം നടത്തിയതെന്നും അതില്‍ കൃഷ്ണനേയോ ബലരാമനേയോ സൂചിപ്പിക്കുന്ന യാതൊന്നും ഇല്ലെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. മതഭ്രാന്തന്മാന്‍ ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും അത് ജനം തിരിച്ചറിയുമെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ആചാരപ്രകാരം തിടമ്പ് നൃത്തക്കാര്‍ ശരീരത്തില്‍ ധരിക്കുന്ന ഉത്തരീയവും മറ്റും അല്‍പ്പം വ്യത്യാസത്തിലാണ് സിപിഐ(എം) നൃത്തക്കാര്‍ ധരിച്ചിരുന്നത്. തലയിലേറ്റി ചുവട് വച്ചതും അനുഷ്ഠാനപരമായ രീതിയിലാണെന്നും ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. കടമ്പേരിയില്‍ നിന്നും ബക്കളത്തേക്കാണ് തിടമ്പ് നൃത്തം ഘോഷയാത്രയിലുണ്ടായത്. തൃച്ചമ്പരം തിടമ്പ് നൃത്തത്തില്‍ അകമ്പടിക്കാര്‍ ഉപയോഗിക്കുന്ന മഞ്ഞവടിക്ക് പകരം വിവിധ നിറത്തിലുള്ള വടികളുമായി 20ഓളം പേര്‍ ഉണ്ടായതാണ് ഇതിലെ പ്രകടമായ മാറ്റം. എന്നിരുന്നാലും ക്ഷേത്രാചാരങ്ങളുടെ ചുവടുപിടിച്ച് പൂക്കോത്ത് നടയിലെ തിടമ്പ് നൃത്തത്തിനു സമാനമായിരുന്നു പാര്‍ട്ടി ഒരുക്കിയ തിടമ്പ് നൃത്തവും.
ഒരാഴ്ച്ച മുന്‍പ് തന്നെ തിടമ്പ് നൃത്തത്തിന്റെ റിഹേഴ്‌സല്‍ നടത്തിയിരുന്നു. വിവിധ നിറത്തിലുള്ള വടികളുമായി ഇരുഭാഗത്തേക്കും ഓടിക്കൊണ്ടുള്ള നൃത്തവും വിശ്വാസികള്‍ നോക്കുന്നുണ്ടായിരുന്നു. മഞ്ഞപ്പാറയിലെ രമേശന്‍, പൂനൂലിലെ ബാലകൃഷ്ണന്‍ എന്നിവരെയാണ് തിടമ്പ് നൃത്തത്തിനായി പാര്‍ട്ടി കൊണ്ടുവന്നത്. പത്ത് വര്‍ഷമായി ഇവര്‍ ക്ഷേത്രത്തില്‍ തിടമ്പ്നൃത്തം നടത്തുന്നവരാണ്. പാര്‍ട്ടി പരിപാടികളില്‍ മതാചാരം കടന്നുവന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.