മോഷ്ടിച്ച പഴ്സിലെ ലൈസന്‍സ് കൊറിയറായി അയച്ചു നല്‍കി കള്ളന്‍

പുനെ: കാറില്‍ വെച്ച് മോഷണം പോയ വിലപിടിപ്പുള്ള പഴ്സും ഡ്രൈവിങ് ലൈസന്‍സും യുവതിക്ക് കൊറിയറായി അയച്ചു നല്‍കി കള്ളന്‍. കള്ളനാരെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. പുനെ വാന്‍വാഡിയിലാണ് സംഭവം. മാര്‍ച്ച് 17നാണ് ബൂട്ടിക്ക് നടത്തിപ്പുകാരിയായ സ്വപ്നാ ഡേയ്ക്ക് അവരുടെ പഴ്സും 1500 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമാവുന്നത്. ബൂട്ടിക് അടച്ച ശേഷം കാറില്‍ വെച്ചിരുന്ന വസ്തുക്കള്‍ ആരോ മോഷ്ടിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ്സ് തല്ലിതകര്‍ത്തായിരുന്നു പഴ്സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചത്. സീറ്റില്‍ പഴ്സിനടുത്ത ഐ പാഡ് കിടന്നിരുന്നെങ്കിലും മോഷ്ടാവ് അതെടുത്തിരുന്നില്ല. ബൂട്ടിക്ക് അടച്ച ശേഷം കാര്‍ മറ്റൊരു സ്ഥലത്ത് ഒതുക്കി വെച്ച് സ്വപ്ന നടക്കാന്‍ പോവുന്നത് പതിവാണ്. പഴ്‌സും ഐ പാഡും കാറിന്റെ പിന്‍സീറ്റില്‍ വെച്ചാണ് 17ന് ഇവര്‍ നടക്കാനിറങ്ങിയത്. ഈ സമയത്താണ് കള്ളന്‍ ഗ്ലാസ്സ് തകര്‍ത്ത് പഴ്‌സ് കൈക്കലാക്കിയത്. മോഷണം പോയത് ശ്രദ്ധയില്‍പെട്ടയുടന്‍ വിവരം പോലീസില്‍ അറിയിച്ചിരുന്നു. പിന്നീട് സംഭവം നടന്ന് 11 ദിവസത്തിനു ശേഷമാണ് സപ്നക്ക് പഴ്സും ലൈസന്‍സും അടങ്ങിയ കൊറിയര്‍ ലഭിക്കുന്നത്.

Top