നെയ്യാറ്റിന്‍കര: വലിയ ചരക്ക് ലോറികള്‍ അതി സാഹസികമായി കടത്തിക്കൊണ്ട് പോകുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ് പോലീസ് പിടിയില്‍. നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ ശ്രീകാര്യം മുക്കില്‍കട ടിപ്പര്‍ അനീഷ് എന്ന വി.നിഥിന്‍-26 ആണ് പിടിയിലായത്. മോഷ്ടിക്കുന്ന വാഹനങ്ങള്‍ എത്രയും പെട്ടെന്ന് തമിഴ്നാട്ടിലേയ്ക്ക് കടത്തി പൊളിച്ചു വില്‍ക്കുകയായിരുന്നു ടിപ്പര്‍ അനീഷിന്റെ പതിവ്. അതിനാല്‍ തന്നെ ഇയാളെയും തൊണ്ടി സാധനങ്ങളെയും കണ്ടെത്തുക പോലീസിന് വെല്ലുവിളിയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ അമരവിള പഴയ പാലത്തിലെ അപ്രോച്ച് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ലോറികള്‍ കടത്തിക്കൊണ്ടു പോയെന്ന പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സിഐ എസ്. എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ടിപ്പര്‍ അനീഷ് വലയിലായത്. നേരത്തെയും ഇയാള്‍ വാഹനമോഷണകേസില്‍ പിടിയിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയ ശേഷവും ഇയാള്‍ വാഹനമോഷണം തുടരുകയായിരുന്നു.
ഒറ്റയ്ക്ക് വാഹന മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. അമരവിളയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാള്‍ കടത്തിയത് രണ്ടു ലോറികളാണ്. പുലര്‍ച്ചെ മൂന്നുമണിയോടെ ആദ്യ ലോറി കൊണ്ടുപോയി. അത് കരമനയ്ക്കു സമീപം നിര്‍ത്തിയിട്ടത്. അടുത്ത ലോറിയും വന്ന് ഇയാള്‍ പൊക്കി. മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ കറങ്ങിയാണ് വന്‍ മോഷണ മുതലുകള്‍ ഇയാള്‍ കണ്ടെത്തിയത്. രാവിലെ ലോറികളുടെ ഉടമകള്‍ വാഹനം എടുക്കാനായി എത്തിയപ്പോഴാണ് മോഷണം പോയതായി കണ്ടെത്തി പോലീസില്‍ അറിയിക്കുകയായിരുന്നു.
പന്ത്രണ്ടാം വയസില്‍ ഡ്രൈവിംഗ് പരിശീലനം നേടിയ ഇയാള്‍ വര്‍ക് ഷോപ്പുകളില്‍ ജോലി തേടി കീ ഉപയോഗിക്കാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള വിദ്യ ഇയാള്‍ വശമാക്കിയിരുന്നു. രണ്ടു ലോറികള്‍ ഒരുമിച്ച് കടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ലോറിയും കസ്റ്റ്ഡിയിലെടുത്തു.