ജിഗ്നേഷ് മേവാനി കേരളീയനോ?; തിളങ്ങുന്ന വിജയം നേടിയ യുവനേതാവിനോട് മല്ലു സോഷ്യല്‍ മീഡിയ കാണിക്കുന്നത്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് മേവാനിയ്ക്ക് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെയും പിന്തുണയോടെയാണ് ജിഗ്നേഷ് മത്സരിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മുന്നിട്ടുനിന്ന മേവാനി 18,800 വോട്ടുകളുടെ ലീഡിനാണ് വിജയിച്ചത്. ബിജെപിയുടെ ചക്രവര്‍ത്തി ഹര്‍ഘ് ഭായിയെയാണ് പരാജയപ്പെടുത്തിയത്.

ജിഗ്നേഷ് കേരളീയനാണോ എന്ന് സംശയിപ്പിക്കുന്ന വിധത്തിലാണ് ജിഗ്നേഷ് മേവാനിക്ക് കേരളത്തില്‍ കിട്ടുന്ന സ്വാകാര്യത. സോഷ്യല്‍ മീഡിയയില്‍ കേരളത്തിലെ അംബേദ്ക്കറൈറ്റുകളും മറ്റ് പുരോഗമന ആശയക്കാരും ജിഗ്നേഷിന് അഭിവാദ്യം അര്‍പ്പിക്കുകയാണ്. വലിയ സ്വീകാര്യതയാണ് ജിഗ്നേഷിന് കേരളത്തിലെ രാഷ്ട്രീയ മേഖലയില്‍ നിന്നും ലഭിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരുള്‍പ്പെടെ ജിഗ്നേഷിന്റെ വിജയം ആഗ്രഹിച്ചിരുന്നു.

പട്ടികജാതി സംവരണ മണ്ഡലമായ വദ്ഗാമില്‍ നിന്നാണ് മേവാനി തെരഞ്ഞെടുക്കപ്പെട്ടത്. 2012ലെ തിരഞ്ഞെടുപ്പില്‍ 90,375 വോട്ട് നേടി ബി.ജെ.പിയുടെ മനിലാല്‍ ജീതാഭായ് വഗേല ജയിച്ച മണ്ഡലമാണിത്. ഇത്തവണ ജിഗ്‌നേഷ് 80,923 വോട്ടുകള്‍ നേടി. ചക്രവര്‍ത്തിക്കു 63,453 വോട്ടുകളേ ലഭിച്ചുള്ളൂ.

ദലിത് സംഘടനകളുടെ കൂട്ടായ്മയായ ഉനാ ദലിത് അത്യാചാര്‍ ലടത് സമിതിയുടെ കണ്‍വീനറായ ജിഗ്‌നേഷ് മുന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. ഉനയില്‍ നടന്ന ദലിത് പീഡനത്തിനെതിരെ നടത്തിയ ചലോ ഉന, ദലിത് അസ്മിത എന്നീ യാത്രകളിലൂടെ ശ്രദ്ധേയനായി. നിയമ ബിരുദധാരിയാണ്.

Top