നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെ എട്ട് വര്‍ഷം മുമ്പ് അമ്മയുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. അച്ചടക്ക സമിതിയില്‍ ഹാജരാകാതിരുന്ന തന്റെ വിശദീകരണം കേള്‍ക്കാതെ തന്നെ ഏകപക്ഷീയമായി പുറത്താക്കിയതാണ് തിലകന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
നടിയെ ആക്രമിച്ച ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകനോട് ക്രൂരത കാട്ടിയെന്ന് കത്ത് ചൂണ്ടിക്കാട്ടി തിലകന്റെ മകള്‍ സോണിയ ആരോപിച്ചു. വിശദീകരണം ചോദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തപ്പോള്‍ അതേ പരിഗണന തന്റെ അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചില്ലെന്നും അമ്മയുടെ ഭരണഘടനയില്‍ രണ്ടംഗങ്ങള്‍ക്ക് രണ്ട് നിയമമാണെന്നും സോണിയ ആരോപിക്കുന്നു. കുറ്റാരോപിതനായ നടനുണ്ടായതിനേക്കാള്‍ വലുതാണ് നടിയുടെ വേദന. നടിയുടെ വേദന അമ്മ കാണുന്നില്ലെന്നും സോണിയ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമ്മ മുമ്പ് വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ കുറ്റത്തിന് മരണം വരെ സിനിമാ തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തു നിര്‍ത്തിയ തിലകന് അമ്മ മാപ്പ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു.