ഭര്‍ത്താവിന്റെ കൊടും ക്രൂരത; യുവതി ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലി

മീററ്റ്: ഭര്‍ത്താവിന്റെ ക്രൂരതയില്‍ സഹിക്കെട്ട യുവതി ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലി. മീറ്ററ് സ്വദേശിയായ അംരീന്‍ ഭാനുവെന്ന 24കാരിയാണ് ഭര്‍ത്താവിനെ തലാഖ് ചൊല്ലിയിരിക്കുന്നത്. മുസ്‌ലിം സമുദായത്തില്‍ പുരുഷന്മാര്‍ ‘മുത്തലാഖ്’ ചൊല്ലി സ്ത്രീകളെ ഒഴിവാക്കുംപോലെ തനിക്ക് തന്റെ ഭര്‍ത്താവിനെ ഒഴിവാക്കണമെന്നാണ് അംരീന്‍ പറയുന്നത്. ‘എന്റെ ഭര്‍ത്താവ് എന്നോട് സംസാരിക്കാറില്ല.

എനിക്കോ എന്റെ കുട്ടിക്കോ അദ്ദേഹം പണം നല്‍കാറില്ല. സ്ത്രീകളില്‍ നിന്ന് വിവാഹമോചനം നേടാന്‍ മുസ്‌ലിം സമുദായത്തിലെ പുരുഷന്മാര്‍ തലാഖ് തലാഖ് തലാഖ് എന്ന് ചൊല്ലുന്നതുപോലെ അദ്ദേഹത്തിനെ ‘മുത്തലാഖ്’ ചൊല്ലാന്‍ ഞാനാഗ്രഹിക്കുന്നു. സമുദായത്തിനു മുമ്പില്‍വെച്ച് അദ്ദേഹത്തിന് തലാഖ് നല്‍കണമെന്നാണ് എന്റെ ആഗ്രഹം.’ അവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് നിത്യവും തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാരോപിച്ച് അംരീന്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മര്‍ദ്ദനം കാരണം തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചിട്ടുണ്ടെന്നും അവര്‍ പരാതിയില്‍ പറയുന്നു. 2012ലാണ് അംരീനും അംരീന്റെ സഹോദരി ഫര്‍ഹീനും സാബിര്‍, ഷാക്കിര്‍ എന്നീ സഹോദരങ്ങളെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞനാള്‍ മുതല്‍ തങ്ങളെ ഇരുവരെയും അവര്‍ ക്രൂരമായി ഉപദ്രവിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഫര്‍ഹീനെ അവരുടെ ഭര്‍ത്താവ് തലാഖ് ചൊല്ലി ഒഴിവാക്കി. ഇതോടെ അംരീനും ഫര്‍ഹീനും ഭര്‍തൃഗൃഹം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്കു വരികയായിരുന്നു. അതിനിടെ ഭര്‍തൃപീഡനം സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും ഇരുവരും ആരോപിക്കുന്നു. ജനുവരി 30നാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ യാതൊരു നടപടിയെടുത്തിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് തലാഖ് ചൊല്ലാനുള്ള അനുമതിയില്ല. ഭര്‍ത്താവിന്റെ സമ്മതത്തോടെ സ്ത്രീയ്ക്ക് വിവാഹമോചനം നടത്താന്‍ ‘ഖുല’ എന്ന സമ്പ്രദായമാണ്.

Top