തിരുവനന്തപുരം: തോമസ് ചാണ്ടി ഭൂമി വിവാദത്തിലകപ്പെട്ടതോടെ എന്‍സിപി പുകയുകയായിരുന്നു. ഇപ്പോള്‍ അതൊരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട വ്യക്തിയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ അടിയന്തരാവസ്ഥയാണെന്നും ആരോപണമുണ്ട്. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരോട് ഇനിയും ഒരു വിശദീകരണം പോലും പാര്‍ട്ടി ചോദിച്ചിട്ടുമില്ല.
കേട്ടാലറയ്ക്കുന്ന പ്രയോഗങ്ങളും ചേര്‍ത്തു സംസ്ഥാന പ്രസിഡന്റായിരിക്കെ ഉഴവൂര്‍ വിജയനെതിരെ കൊലവിളി നടത്തിയ നേതാക്കള്‍ പാര്‍ട്ടിയില്‍ സുരക്ഷിത സ്ഥാനം നേടുമ്പോഴാണ് എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാട്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം വിഷയത്തില്‍ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട യുവനേതാവ് മുജീബ് റഹ്മാനെയാണ് ആദ്യം പുറത്താക്കിയത്. പിന്നാലെയാണു മൂന്നു ജില്ലാ പ്രസിഡന്റുമാര്‍ അടക്കം അഞ്ചുപേര്‍ക്കുനേരെ അച്ചടക്കത്തിന്റെ വാളുയര്‍ത്തിയത്. നേതാക്കള്‍ക്കെതിരെ അഭിപ്രായം പറഞ്ഞു എന്നതാണ് ആക്ടിങ് പ്രസിഡന്റ് ടി.പി. പീതാംബരന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസുകളില്‍ പറയുന്ന കുറ്റം. എന്നാല്‍ മന്ത്രിയുടെ താല്‍പര്യത്തിനു വഴങ്ങാത്തവരെ അടിച്ചമര്‍ത്തുകയാണു നേതൃത്വമെന്നാണു നോട്ടിസ് ലഭിച്ചവരുടെ പക്ഷം.
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു യോഗം വിളിച്ചുചേര്‍ത്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, തൃശൂര്‍, കോട്ടയം പ്രസിഡന്റുമാര്‍ എന്നിവരെക്കുടാതെ ഉഴവൂരിന്റെ സന്തതസഹചാരിയായായിരുന്ന സതീഷ് കല്ലക്കുളം, കോട്ടയത്തെ നേതാവ് സാംജി പഴയപറമ്പില്‍ എന്നിവര്‍ക്കാണ് ഇതുവരെ നോട്ടീസ് ലഭിച്ചത്. പാര്‍ട്ടിക്കെതിരെ നിലപാട് എടുത്തിട്ടില്ലെന്നും നേതാക്കള്‍ക്കെതിരെയാണ് അഭിപ്രായം പറഞ്ഞതെന്നും വിശദീകരിച്ച് ഇവര്‍ നല്‍കിയ മറുപടികളോടു നേതൃത്വം പ്രതികരിച്ചിട്ടില്ല. മുന്നണിയിലും മന്ത്രിസഭയിലും ദിനംപ്രതി തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലാകുമ്പോഴും എന്‍സിപിയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കു തിരുവായ്ക്ക് എതിര്‍വായില്ല എന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം.