പാലാ പോയാല്‍ എല്‍.ഡി.എഫ്‌. വിടാന്‍ പവാറിന്റെ അനുമതി!.എന്‍.സി.പിയുമായുള്ള തര്‍ക്കം പരിഹരിക്കുമെന്ന് ജോസ്‌ കെ. മാണി.തര്‍ക്കം തീര്‍ക്കാന്‍ പിണറായി വിജയന്റെ ഇടപെടല്‍

കോട്ടയം: പാലാ ഉള്‍പ്പെടെയുള്ള സിറ്റിങ്‌ സീറ്റുകള്‍ കിട്ടിയില്ലയെങ്കിൽ ഇടതുമുന്നണി വിടാൻ അനുമതി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ശരദ്‌ പവാര്‍ അനുമതി നല്‍കി. ഇതോടെ മുഖ്യമന്ത്രി ഇന്നു വിളിച്ച യോഗത്തില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ നിലപാട്‌ പ്രഖ്യാപിച്ചില്ലെങ്കില്‍ എന്‍.സി.പിയിലെ പ്രതിസന്ധി രൂക്ഷമാകും. അതേസമയം എന്‍.സി.പിയുമായുള്ള തര്‍ക്കങ്ങള്‍ എല്‍.ഡി.എഫ്‌. ചര്‍ച്ച ചെയ്‌തു പരിഹരിക്കുമെന്നു ജോസ്‌ കെ. മാണി. ഒരു കക്ഷി പോലും മുന്നണി വിടില്ലെന്നാണു കരുതുന്നതെന്നും അദ്ദേഹം കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ച്ച ഇടതു മുന്നണിയില്‍ ആരംഭിച്ചിട്ടില്ല. സീറ്റ്‌ സംബന്ധിച്ച കാര്യം പറയേണ്ടതു മുന്നണിക്കകത്താണെന്നും എം.പി. സ്‌ഥാനം രാജിവച്ചതു ധാര്‍മികതയുടെ പേരിലാണെന്നും ജോസ്‌ കെ. മാണി പറഞ്ഞു.

പാലാ നിയമസഭാ സീറ്റിനെച്ചൊല്ലിയുള്ള എല്‍.ഡി.എഫിലെ കലഹം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. പാലാ സീറ്റുമായി ബന്ധപ്പെട്ട്‌ എന്‍.സി.പി. കേരള ഘടകത്തില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍ എന്‍.സി.പി. നേതാക്കളായ മാണി സി. കാപ്പനുമായും മന്ത്രി എ.കെ. ശശീന്ദ്രനുമായും മുഖ്യമന്ത്രി ഇന്നു ചര്‍ച്ച നടത്തും.

എ.കെ. ശശീന്ദ്രന്‍ ഇടതുമുന്നണി വിടില്ലെന്നു നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതിനിടെ, ജോസ്‌ കെ. മാണി രാജിവച്ചതിനെത്തുടര്‍ന്ന്‌ ഒഴിവുവന്ന രാജ്യസഭാ സീറ്റ്‌ മാണി സി. കാപ്പനു നല്‍കി പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമാണ്‌. കേരളാ കോണ്‍ഗ്രസ്‌(എം) ജോസ്‌ കെ.മാണി പക്ഷത്തിനു പാലാ സീറ്റ്‌ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണയായെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ്‌ എന്‍.സി.പിയില്‍ പൊട്ടിത്തെറി ഉണ്ടായത്‌. ഈ വിഷയത്തില്‍ മാണി സി. കാപ്പന്‍ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. പാലാ സീറ്റ്‌ വിട്ടു നല്‍കി ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്കു അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും കാപ്പന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

എന്‍.സി.പി.- യു.ഡി.എഫ്‌. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു പാലാ സീറ്റ്‌ ജോസ്‌ പക്ഷത്തിന്‌ നല്‍കാന്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നത്‌. എന്‍.സി.പിയുമായി ചര്‍ച്ച നടത്താതെ തന്നെയാണു സി.പി.എം. ജോസ്‌ പക്ഷത്തിന്‌ ഉറപ്പ്‌ കൊടുത്തത്‌. മുന്നണി മാറ്റം സംബന്ധിച്ച്‌ ഉമ്മന്‍ ചാണ്ടിയുമായി മാണി സി. കാപ്പന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. നാലുസീറ്റ്‌ എന്‍.സി.പിക്ക്‌ നല്‍കാമെന്നാണു വാഗ്‌ദാനം. മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. വിഭാഗം യു.ഡി.എഫിന്റെ ഭാഗമായാല്‍ പാലായില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി മത്സരിക്കും.

Top