എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മൂന്ന് എം.എല്‍.എ.മാര്‍; കേരളാ കോണ്‍ഗ്രസ് ബി പിളര്‍ത്തി മന്ത്രിയാകാൻ ഗണേഷ് കുമാറും

തിരുവനന്തപുരം: എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. രണ്ട് എംഎല്‍എ മാരുണ്ടായിരുന്ന പാര്‍ട്ടിക്ക് രണ്ട് പേരെയും നടപടിക്ക് വിധേയരായി മാറ്റി നിര്‍ത്തേണ്ടി വന്നതാണ് മന്ത്രി സ്ഥാനത്തേയ്ക്ക് ആളില്ലാത്ത അവസ്ഥയിലെത്തിച്ചത്. എന്നാല്‍ ഈ അവസരം മുതലെടുത്ത് എന്‍സിപിയില്‍ നുഴഞ്ഞ് കയറി മന്ത്രിയാകാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്

എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മൂന്ന് എംഎല്‍എമാര്‍ നീക്കം നടത്തുന്നതായാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതില്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തി എത്താന്‍ ശ്രമിക്കുന്ന ഗണേഷ് കുമാറും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റവിമുക്തരായി ശശീന്ദ്രനോ തോമസ് ചാണ്ടിയോ തിരിച്ചെത്തുന്നത് മുമ്പ് എന്‍സിപിയും കേരളകോണ്‍ഗ്രസ് ബിയും ലയിക്കാനാണ് നീക്കം. അങ്ങനെയായാല്‍ ഗണേശിനെ മന്ത്രിയാക്കാമെന്ന ധാരണയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇതേത്തുടര്‍ന്നാണ് എന്‍സിപി നേതാവ് ശരത് പവാറിനെ ഗണേഷ് കുമാര്‍ സമീപിക്കുന്നത്. മന്ത്രിസ്ഥാനം നല്‍കിയാല്‍ ലയിക്കുമെന്ന് ഗണേശ് വ്യക്തമാക്കിക്കഴിഞ്ഞു.

ഏതായാലും ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാനഘടകത്തില്‍ നടന്ന ചര്‍ച്ചകളില്‍ സമവായമായതോടെ ദേശീയ തലത്തില്‍ അന്തിമ ചര്‍ച്ചയ്ക്ക് ഇരു പാര്‍ട്ടികളും തയ്യാറെടുത്തു കഴിഞ്ഞു. ജനുവരി ആറിന് അന്തിമ ചര്‍ച്ചകള്‍ക്കായി ബാലകൃഷ്ണപിള്ള മുംബൈയ്ക്ക് പോകും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുമായി ബാലകൃഷ്ണപിള്ള ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള എന്നിവരും മന്ത്രിസ്ഥാനത്തിനായി നീക്കം നടത്തുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നു. ഏതായാലും മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് എന്‍സിപിയില്‍ ലയിക്കാന്‍ എത്തിയവര്‍ക്ക് കൃത്യമായ മറുപടി എന്‍സിപി ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഗണേശിനെ മന്ത്രിയാക്കുന്ന കാര്യമല്ല എന്‍സിപിയുമായുള്ള ചര്‍ച്ചയെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നും പറഞ്ഞുകൊണ്ടാണ് ബാലകൃഷ്ണപിള്ള പ്രതികരിച്ചിട്ടുള്ളത്.

ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ ഏത് തലം വരെയെത്തി എന്നതിന് ഇരു പാര്‍ട്ടികളും വിശദീകരണം നല്‍കിയിട്ടില്ല. എന്‍സിപി സംസ്ഥാന ഘടകത്തിലെ തോമസ് ചാണ്ടി വിഭാഗമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.

കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയില്‍ ലയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഒരു എംഎല്‍എ സ്ഥാനം കൂടി ലഭിക്കും. ഇതു വഴി ഒഴിഞ്ഞു കിടക്കുന്ന എന്‍സിപിയുടെ മന്ത്രിപദവിയിലേക്ക് കെ.ബി.ഗണേശ്കുമാറിനെ അവരോധിക്കാനാണ് തോമസ് ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. എ.കെ.ശശീന്ദ്രന്‍ അനുകൂലികള്‍ ഇക്കാര്യത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.

ഹണിട്രാപ്പില്‍ കുടുങ്ങി ശശീന്ദ്രനും കായല്‍ കൈയേറ്റത്തിന്റെ പേരില്‍ തോമസ് ചാണ്ടിയും രാജിവച്ചതോടെ എന്‍സിപിക്ക് നിലവില്‍ മന്ത്രിമാരില്ല. ഇരുവരുടെയും കേസുകള്‍ തീരാതെ മന്ത്രിപദത്തില്‍ എത്താന്‍ കഴിയില്ലെന്ന സ്ഥിതിവന്നതോടെയാണ് തോമസ് ചാണ്ടിയും കൂട്ടരും പുതിയ നീക്കം നടത്തുന്നത്. ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം തടയുക എന്ന ലക്ഷ്യവും തോമസ് ചാണ്ടി വിഭാഗത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top