കേരളം പ്രളയത്തില്‍ ഉഴലുമ്പോള്‍ മന്ത്രി വിദേശത്തേയ്ക്ക് പറന്നു; വനം മന്ത്രി കെ. രാജുവിന്റെ ജര്‍മ്മന്‍ യാത്ര വിവാദത്തില്‍

തിരുവനന്തപുരം: ദുരിതമഴയില്‍ കേരളം അതിജീവനത്തിനായി പൊരുതുമ്പോള്‍ വിദേശ യാത്രയ്ക്കായ് ജര്‍മ്മനിക്ക് പോയിരിക്കുകയാണ് പിണറായി സര്‍ക്കാരിലെ ഒരു മന്ത്രി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും മറ്റ് ഔദ്യോഗികതല സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ട സമയത്താണ് മന്ത്രി വനംമന്ത്രി കെ. രാജുവാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാവിലെ ജര്‍മ്മനിയിലേക്കു പുറപ്പെട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്.

ചികിത്സയ്ക്കു വേണ്ടിയുള്ള അമേരിക്കന്‍ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് കെ. രാജു മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയിലേക്കു പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. എന്നാല്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ കേരള ജനത ഒന്നടങ്കം ശ്രമിക്കുന്നതിനിടെ മന്ത്രി വിദേശത്തേക്കു പറക്കുകയായിരുന്നു.

കോട്ടയം ജില്ലയില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്നതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള രാജുവിന്റെ വിദേശ യാത്രയെന്നതും ശ്രദ്ധേയം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്ത നടപടിയാണ് മന്ത്രി കെ. രാജുവിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്‌ളോബല്‍ കോണ്‍ഫറന്‍സ് ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെയാണ് നടക്കുന്നത്.

മന്ത്രിമാരയ വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എം.പിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുമാണ് പ്രളയദുരന്തത്തെയും അതിജീവിച്ച് ജര്‍മ്മനിയിലേക്കു പറന്നത്. അതേസമയം മന്ത്രി വി.എസ് സുനില്‍കുമാര്‍ വെള്ളിയാഴ്ച രാവിലെയും നാവികസേനയുടെ ഹെലികോപ്ടറില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള തിരക്കിലായിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കേരള ജനത ഒന്നാകെയും ഉറക്കമിളച്ചിരുന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് രണ്ടു ജനപ്രതിനിധികള്‍ ജര്‍മ്മനിയിലേക്ക് പോയത്.

Top