മണ്ണിനടിയില്‍ നിന്നും രക്ഷിക്കണേ എന്ന് ഫോണ്‍ സന്ദേശം; വ്യാപക ഉരുള്‍പൊട്ടല്‍, ആള്‍നാശം

തൃശൂര്‍: മുളങ്കുന്നത്തുകാവിനടുത്തു കുറാഞ്ചേരിയില്‍ മണ്ണിടിച്ചില്‍പ്പെട്ട് എട്ടുപേരെ കാണാതായി. ഇതില്‍ രണ്ടുപേര്‍ മണ്ണിനടിയില്‍നിന്നു ഫോണില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. ഇവരെയടക്കം കണ്ടെത്താന്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മണ്ണിടിച്ചിലില്‍പെട്ട് ഒലിച്ചുപോയ നാലു വീടുകളിലുള്ളവരെയാണു കാണാതായത്. ഇതില്‍നിന്നു രക്ഷപ്പെട്ട നാലുപേരാണ് എട്ടുപേര്‍ കൂടി ഉണ്ടായിരുന്നുവെന്നു പറഞ്ഞത്. ഇവരില്‍ എത്രപേര്‍ രക്ഷപ്പെട്ടുവെന്നു വ്യക്തമല്ല. അഞ്ചു മണിക്കൂറായി തിരച്ചില്‍ തുടരുകയാണ്. എരുമപ്പെട്ടിക്കടുത്തു മണ്ണിടിഞ്ഞു കാണാതായ മൂന്നുപേര്‍ക്കായും തിരച്ചില്‍ നടക്കുകയാണ്.

അതേസമയം കണ്ണൂര്‍ അമ്പായത്തോട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍. കുന്നിന്റെ ഒരു ഭാഗം മുഴുവന്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നു. വന്‍പാറക്കല്ലുകളും മരങ്ങളും ഉള്‍പ്പെടെയാണ് മല താഴേക്ക് പതിച്ചത്. ജനവാസമേഖലയല്ലാത്തതിനാല്‍ ആള്‍നാശം ഉണ്ടായില്ല.

എന്നാല്‍ മലയിടിഞ്ഞ് വന്ന മണ്ണും പാറയും മരങ്ങളും താഴത്തെ നദിയിലേക്കാണ് വീണത്. ഇത് കുറച്ച് നേരത്തേക്ക് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി. നദി ഗതിമാറി ജനവാസ മേഖലയിലേക്ക് പോകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തടസ്സം മാറിയിട്ടുണ്ട്.

പാലക്കാട് നെന്മാറയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലില്‍ മൂന്നു കുടുംബങ്ങളില്‍പ്പെട്ട ആളുകള്‍ ഒലിച്ചുപോയി. ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന.

നെന്മാറ എം എല്‍ എ കെ ബാബു സ്ഥലത്തുണ്ട്. പോലീസും ഫയര്‍ ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

Top