തിരുവനന്തപുരം: ജനജാഗ്രത യാത്രയില്‍ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ ശാസന. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വജയന്‍ തോമസ് ചാണ്ടിയെ തന്റെ മുറിയില്‍ വിളിച്ചു വരുത്തിയാണ് ശാസിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി അറിയിച്ചു.
ഭൂമി കയ്യേറ്റം സംബന്ധിച്ച് തനിക്കെതിരെ ചെറുവിരല്‍പോലും അനക്കാന്‍ അന്വേഷണ സംഘത്തിനു കഴിയില്ലെന്നാണു ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി വെല്ലുവിളിച്ചത്. ഒരു സെന്റ് കയ്യേറിയെന്നു തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനംവരെ രാജിവയ്ക്കും. പാലക്കാട്ടുകാരനായ എംഎല്‍എക്കൊച്ചന്‍ അന്ധന്‍ ആനയെ കണ്ടതുപോലെയാണു മാര്‍ത്താണ്ഡം കായലിനെപ്പറ്റി അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മാര്‍ത്താണ്ഡംകായല്‍ കൃഷിക്കാര്‍ക്കു പതിച്ചുകൊടുത്തതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കുമെന്നും തോമസ് ചാണ്ടി സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
‘മാര്‍ത്താണ്ഡം കായലില്‍, വഴിയില്‍ മണ്ണിട്ടുവെന്നു പറഞ്ഞാല്‍ നികത്തിയെന്നല്ലല്ലോ. എന്റെ വീടിന്റെ ഒരു വശം താഴ്ന്നാല്‍ അവിടെ മണ്ണിറക്കി ഉയര്‍ത്തുന്നതു നികത്തലാകുമോ? അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന ഭൂമിയുടെ നടുക്കുള്ള വഴി നടക്കാന്‍ പാകത്തില്‍ വൃത്തിയാക്കണ്ടേ? ഇനിയും 42 പ്ലോട്ട് ഉണ്ട്. അവിടെയും ഇതുപോലെ തന്നെ ചെയ്യും.’, തോമസ് ചാണ്ടി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടെന്നു പറഞ്ഞ കാനം, നിയമം എല്ലാവര്‍ക്കും ബാധകമാണെന്നു വ്യക്തമാക്കി. ഒരുനിയമവും ഒറ്റരാത്രികൊണ്ടു നടപ്പാവില്ല. ആരോപണങ്ങള്‍ പരിശോധിച്ചു സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണു നിലപാടെന്നും കാനം കൂട്ടിച്ചേര്‍ത്തു.