തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി എന്‍സിപി; രാജിക്കുള്ള സാഹചര്യമില്ല

തിരുവനന്തപുരം: തോമസ് ചാണ്ടിയ്ക്ക് ശക്തമായ പിന്തുണയുമായി എന്‍സിപി. നിയമോപദേശം ലഭിച്ച് സര്‍ക്കാര്‍ അഭിപ്രായം രൂപീകരിക്കാതെ ഇക്കാര്യത്തില്‍ സിപിഎമ്മിനോ മറ്റു പാര്‍ട്ടിക്കാര്‍ക്കോ അഭിപ്രായം പ്രകടിപ്പിക്കേണ്ട ആവശ്യംവരുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മന്തി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ല. കയ്യേറ്റമുണ്ടെങ്കില്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ തീരുമാനം വരട്ടെയെന്നും ഇപ്പോള്‍ രാജിക്കുള്ള സാഹചര്യമില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ശരിയല്ല. രാഷ്ട്രീയ പ്രേരിതമായ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. കോടതിയുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തോമസ് ചാണ്ടി തീരുമാനമെടുക്കണമെന്ന് സിപിഎം തോമസ് ചാണ്ടിയോട് നിര്‍ദ്ദേശിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നിയമോപദേശം വരെ കാക്കാനാണ് തോമസ് ചാണ്ടിയുടെ തീരുമാനമെന്നാണ് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്.

Top