
തിരുവനന്തപുരം:എ.ടി.എം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ എസ്.ബി.ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ ഭ്രാന്തന്‍ നയം ബാങ്കുകളില്‍ നിന്ന് ജനങ്ങളെ അകറ്റാന്‍ മാത്രമേ ഉപകരിക്കൂ. ബാങ്കുകളില്‍ ഇപ്പോഴുള്ള നിഷ്‌ക്രിയ ആസ്തിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ എസ്.ബി.ഐയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന ഇടപാടാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധനമന്ത്രി പ്രതികരിച്ചു. ബാങ്കുകളുടെ ലയനം താല്‍ക്കാലികമായെങ്കിലും എസ്.ബി.ഐക്ക് തിരിച്ചടിയുണ്ടാക്കി. നോട്ട് പിന്‍വലിച്ചതും ബാങ്കുകളുടെ ലയനവുമാണ് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ എസ്.ബി.ഐയെ പ്രേരിപ്പിച്ചത്. ഈ നടപടി മൂലം ജനങ്ങള്‍ പണം ബാങ്കിലിടാതെ കൈയില്‍ വെക്കുന്നത് വിപണിയിലേക്കുള്ള പണമൊഴുക്ക് തടസ്സപ്പെടുത്തും. ഇന്ത്യയിലെ സാമ്പത്തിക മുരടിപ്പിനെ ഇത് ശക്തിപ്പെടുത്തുമെന്നും ഐസക് പറഞ്ഞു.
സ്വകാര്യ ബാങ്കുകള്‍ പോലും നടപ്പിലാക്കാന്‍ അറച്ചുനില്‍ക്കാന്‍ തീരുമാനമാണ് എസ്ബിഐ നടപ്പിലാക്കിയത്. ഇതിന്റെ പശ്ചാത്തലം എസ്ബിഐ നേരിട്ടുകൊണ്ടിരിക്കുന്ന നിഷ്ട്ക്രിയ ആസ്തിയുടെ പ്രശ്‌നമാണ്. കിട്ടാക്കടം കുറയുന്നത് ബാങ്കിന്റെ ലാഭം കുറക്കുന്നു. 1.67 ലക്ഷം കോടിയാണ് ബാങ്കിന് ലഭിക്കാനുളള കിട്ടാക്കടം.
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സ്ഥാപിക്കുന്ന കേരള ബാങ്കില്‍ ഒരു തരത്തിലുളള സര്‍വീസും ചാര്‍ജും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുളള കാര്യവും ഐസക്ക് വ്യക്തമാക്കി. എസ്ബിഐ സര്‍വീസ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ഓഫിസ് ആസ്ഥാനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.