കേന്ദ്ര സഹായം 600 കോടി മാത്രമെന്ന വാദം തെറ്റ്;തോമസ് ഐസക്കിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം : കേരളത്തിലെ പ്രളയത്തിന് ശേഷം കടുത്ത രാഷ്ട്രീയ പ്രളയം നടക്കുകയാണ് . ധനമന്ത്രി തോമസ് ഐസക്കിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത് എത്തി . കേന്ദ്ര സഹായത്തിന്‍റെ കാര്യത്തില്‍ െഎസക് തെറ്റിദ്ധാരണ പരത്തുകയാണ്. 600 കോടി അടിയന്തരസഹായം മാത്രമാണെന്നും കണ്ണന്താനം  പറഞ്ഞു. 600 കോടി മാത്രമേ കേന്ദ്രം അനുവദിച്ചുള്ളു എന്ന വാദം തെറ്റാണ്. ഇത് അടിയന്തര സഹായം മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് ആവർത്തിക്കുകയാണു കണ്ണന്താനം ചെയ്തത്. നാശനഷ്ടങ്ങളുടെ കണക്കു നൽകുമ്പോൾ കൂടുതൽ തുക അനുവദിക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, യു.എ.ഇയുടെ ധനസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രം നയം മാറ്റണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. കേരളത്തിന് സഹായം അത്യാവശ്യമാണ്. മന്ത്രിമാരടക്കമുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.“ഒരു പ്രാവശ്യമെങ്കിലും കേരളത്തിന് ഇളവ് നല്‍കി സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അവരോട് താണപേക്ഷിച്ചിട്ടുണ്ട്. എനിക്ക് അപേക്ഷിക്കാനേ പറ്റൂ. തീരുമാനമെടുക്കേണ്ടത് മുകളിലുള്ള മന്ത്രിമാരാണ്”, കണ്ണന്താനം പറഞ്ഞു.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചാണ് പ്രളയത്തെ നേരിട്ടത്. ദുരിതാശ്വാസ ക്യാമ്പുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. വായ്പയായി ധനസഹായം സ്വീകരിക്കാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിദേശസഹായത്തിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണു കണ്ണന്താനത്തിന്റെ ഇടപെടൽ.

അതേസമയം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . തകര്‍ന്ന വീടുകള്‍ സജ്ജമാക്കുന്നതിന് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും. കുടുംബനാഥയുടെ പേരില്‍ ബാങ്കുവഴിയാകും സാമ്പത്തിക സഹായം നല്‍കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി അവലോകന യോഗത്തിന് ശേഷമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

കേടുവന്ന ഗൃഹോപകരണങ്ങള്‍ നന്നാക്കുന്നതിനും കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തും. ഇതിന്റെ ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അരിയും പലവ്യഞ്ജനവും അടക്കം അവശ്യ സാധനങ്ങളുടെ കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 2,774 ക്യാംപുകളിലായി 2,78,781 പേര്‍ ഇപ്പോഴും കഴിയുന്നു. 60,593 വീടുകളും 3,67,626 കിണറുകളും വൃത്തിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതത്തില്‍ നിന്ന് കരകയറാന്‍ യോജിപ്പും ഒരുമയുമാണ് വേണ്ടത്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് പ്രാധാന്യം. അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം അനുവദിക്കാനാകില്ല. തര്‍ക്കങ്ങളിലേക്ക് പോയി രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ നിന്ന് ശ്രദ്ധ പോകാതിരിക്കാന്‍ ശ്രമിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത് തിരിച്ചറിയണം. തനിക്ക് ജനങ്ങളും അവരുടെ പ്രശ്‌നങ്ങളുമാണ് വലുത്. ഇത് ആര്‍ക്കുമുള്ള മറുപടിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top