തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ബാക്കിവെച്ചത് വെറും നക്കാപ്പിച്ചയെന്ന് തോമസ് ഐസക്ക് ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് തുറന്നു പറയുന്നു. ഖജനാവ് കാലിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ട്രഷറിയില്‍ 700 കോടി രൂപ ബാലന്‍സുണ്ട്. ഇതാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വമ്പ് പറയുന്നത്. പക്ഷേ അദ്ദേഹം പറയാതെ വിടുന്നത് 2800 കോടി രൂപ ഇതിനകം വായ്പയെടുത്തു കഴിഞ്ഞൂവെന്ന വസ്തുതയാണ്. തീര്‍ന്നില്ല, അടിയന്തിരമായി കൊടുക്കേണ്ടുന്ന ബാധ്യതകള്‍ എടുത്താല്‍ അത് 5784 കോടി രൂപ വരും. ഇലക്ട്രോണിക് ലഡ്ജറിലേയ്ക്ക് മാറ്റിവച്ച ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കാനുള്ള പണവും പെന്‍ഷന്‍ കുടിശികയും ട്രഷറിയിലെ മാറ്റിവച്ചിരിക്കുന്ന ബില്ലുകളും കോണ്‍ട്രാക്ടര്‍മാരുടെ ബാധ്യതകളും താല്‍ക്കാലിക വായ്പകളും ഇതില്‍ പ്പെടും. പെന്‍ഷന്‍ കുടിശിക മാത്രം 806 കോടി രൂപയാണ്. അത് അടിയന്തിരമായി നല്‍കാനാണ് കാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതുമാത്രം ചെയ്താല്‍ മതി ഖജനാവ് കാലിയാകുവാന്‍.
അഞ്ച് വര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി അധികാരമേല്‍ക്കുമ്പോള്‍ ട്രഷറിയി 2700 കോടി രൂപയാണ് മിച്ചമുണ്ടായിരുന്നത്. ഒരു രൂപ പോലും പുതുതായി കടമെടുത്തിരുന്നില്ല. ഞാന്‍ നിയമസഭയില്‍ പ്രസംഗിച്ചതുപോലെ കെ.എം മാണി എത്ര ശ്രമിച്ചാലും ഒന്ന്, രണ്ട് വര്‍ഷംകൊണ്ട് തകര്‍ക്കാന്‍ കഴിയാത്ത സുസ്ഥിരമായ നിലയിലായിരുന്നു കേരളത്തിന്റെ ധനകാര്യസ്ഥിതി. അറംപറ്റിയപോലെയായി.
ആദ്യത്തെ രണ്ട് വര്‍ഷം ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതോടെ നികുതി പിരിച്ചില്ലെങ്കിലും പ്രശ്നമില്ല, എത്ര വാരിക്കോരി ചെലവഴിച്ചാലും പ്രശ്നമില്ല എന്ന തോന്നലിലേയ്ക്ക് യു.ഡി.എഫ് മന്ത്രിസഭ എത്തി. ഫലം ഖജനാവ് പാപ്പരായി. ഇപ്പോഴത്തെ സ്ഥിതി 1990-1993 കാലത്തെ ധനപ്രതിസന്ധിയുടെ കാലത്തെപ്പോലെയാണ്. ഏതായാലും നടപ്പുവര്‍ഷം എന്റെ മുഖ്യപണി വരവും ചെലവും ഒപ്പിച്ച് ട്രഷറി അടച്ചുപൂട്ടുന്ന സ്ഥിതി ഒഴിവാക്കലായിരിക്കും.