കൊച്ചി:ധനമന്ത്രി തോമസ് ഐസക് 11ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ.മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ചികിൽസക്കായി ഖജനാവിൽ നിന്ന് പണം വാങ്ങിയ കൂടുതൽ നേതാക്കളുടെ കണക്കുകൾ പുറത്തുവരുന്നു. ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുർവേദ ചികിൽസക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. വിചിത്രമായ ചില കണക്കുകളും മന്ത്രിയുടെ ബില്ലിൽ കാണാം.
സാന്പത്തിക പ്രതിസന്ധി മറികടക്കാൻ മുണ്ടുമുറുക്കിയുടുക്കണമെന്ന് നാഴികക്ക് നാൽപതുവട്ടം പറയുന്നയാളാണ് ധനമമന്ത്രി തോമസ് ഐസക്. ഇപ്പറയുന്ന മന്ത്രി മലപ്പുറത്തെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നടത്തിയ ചികിൽസയുടെ പേരിൽ സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയ പണത്തിന്‍റെ കണക്കുകളാണ് പുറത്തുവരുന്നത്..കഴിഞ്ഞ ഡിസംബര്‍ 13 മുതൽ 27 വരെ 15 ദിവസം നീളുന്ന ചികിൽസക്ക് ആകെ ചെലവ് 1,20048 രൂപ.
ചികിൽസക്കിടെ മരുന്ന് വാങ്ങിയത് ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്‍റെയും ചികിൽസയുടെയും മൂന്നിരട്ടിയാണിത്. ചികിൽസക്കിടെ 14 തോർത്തുകൾ വാങ്ങിയതന്‍റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്. തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ഖജനാവിൽ നിന്നുതന്നെ. സെക്രട്ടറിയേറ്റിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ എല്ലാവിധ സൗകര്യങ്ങളുമുളള സർക്കാർ ആയുർവേദ ആശുപത്രിയുളളപ്പോഴാണ് ധനമന്ത്രിയുടെ കോട്ടയ്ക്കലിലെ സ്വകാര്യചികിൽസ.
നിയമസഭാ സാമാജികരുടെ ചികിൽസാ ചെലവുകൾക്ക് പരിധി നിശ്ചയിക്കണമെന്നും ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നും സർക്കാരിന്‍റെ ബാധ്യത കുറയ്ക്കണമെമന്നുമായിരുന്നു ജസ്റ്റീസ് ജയിംസ് കമ്മിറ്റി മാസങ്ങൾക്കുമുന്പ് ഇടതുസർക്കാരിന് നൽകിയ ശുപാർശ. ഈ നിർദേശങ്ങൾ സെക്രട്ടേറിയിൽ കിടന്ന് പൊടിപിടിക്കുന്പോഴാണ് കാലിയായ ഖജനാവിൽ നിന്നെടുത്ത് ധനമന്ത്രിയടക്കമുളളവരുടെ ചികിൽസ.