
കൊച്ചി: പെറ്റ് ഷോപ്പിൽ നിന്ന് 15,000 രൂപയുടെ നായ്ക്കുട്ടിയെ മോഷ്ടിച്ച് കടന്നു കളഞ്ഞവർ പിടിയിൽ.
കർണാടക സ്വദേശികളായ എൻജിനീയറിങ് വിദ്യാർഥികളായ നിഖിലും ശ്രേയയുമാണ് ഉഡുപ്പിയിൽ നിന്ന് പിടിയിലായത്. നായ്ക്കുട്ടിയെയും കണ്ടെത്തി.
ശനിയാഴ്ച രാത്രി ഏഴിനാണ് ബൈക്കിൽ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽ ഇരുവരും എത്തിയത്. പൂച്ചയെക്കുറിച്ച് അന്വേഷിച്ച ഇരുവരും കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ നായ്ക്കുട്ടിയെ കൈയ്യിൽ കരുതിയ ഹെൽമറ്റിൽ ഒളിപ്പിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിക്ക് വിൽക്കാൻ വച്ചിരുന്ന മൂന്നു നായ്ക്കുട്ടികളിലൊന്നായിരുന്നു ഇത്. മോഷ്ടാക്കൾ കടയിൽ നിന്ന് പോയതിന് പിന്നാലെ വാങ്ങാനെത്തിയ യാൾ എത്തിയപ്പോഴാണ് നായ്ക്കുട്ടി ഇല്ലെന്നത് ശ്രദ്ധയിൽ പെട്ട്. തിരഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് നടത്തിയ സി.സി.ടിവി പരിശോധനയിലാണ് മോഷണ വിവരമറിയുന്നത്.
മറ്റൊരു ഷോപ്പിൽ നിന്ന് ഇവർ നായയ്ക്കുള്ള തീറ്റയും മോഷ്ടിച്ചതായി സി.സി.ടിവി ദൃശ്യത്തിൽ നിന്ന് കണ്ടെത്തി. ഇതേത്തുടർന്ന് പോലീസിൽ പരാതി നൽകി പ്രതികൾ പിടിയിലാകുകയുമായിരുന്നു.