കോഴിക്കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്. താലിബാൻ വിരുദ്ധ പരാമർശത്തിൽ ആണ് ഭീക്ഷണി. താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് എത്രയും വേഗം പിന്‍ലിക്കണമെന്നും ജോസഫ് മാഷാവാന്‍ ശ്രമിക്കരുതെന്നും അയാളുടെ അവസ്ഥ ഉണ്ടാക്കരുതെന്നും വ്യക്തമാക്കിയാണ് കത്തയച്ചത്.
താലിബാന് ഒരു വിസ്മയം എന്ന പേരില്‍ ടൈപ്പ് ചെയ്ത കത്താണ് അയച്ചത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി മുനീർ പറഞ്ഞു. പോസ്റ്റ് പിന്‍വലിക്കാന്‍ താന്‍ തയാറല്ലെന്ന് മുനീര്‍ വ്യക്തമാക്കി. താലിബാന് വിരുദ്ധ നിലപാടില്‍ താന്‍ ഉറച്ചു നില്ക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. താലിബാനു മാറ്റം വന്നെന്നു കരുതുന്നില്ല. സൈബര്‍ ആക്രമണങ്ങള്‍ എപ്പോഴുമുണ്ടെന്നും പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുനീറിന് ലഭിച്ച ഭീഷണിക്കത്ത് പൂർണ്ണമായി :
“ഫേസ്ബുക്ക് പോസ്റ്റ് എത്രയും വേഗം പിന്‍വലിക്കണം. താലിബാന് എതിരായുള്ള പോസ്റ്റ് ആയല്ല ഞങ്ങള്‍ അതിനെ കാണുന്നത്. മുസ്ലീം വിരുദ്ധതയാണ് നിന്റെ മുഖമുദ്ര. പ്രവാചക വചനങ്ങള്‍ തിരസ്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ്. പല ഘട്ടത്തിലും താന്‍ ഇത് ആവര്‍ത്തിച്ചു. നമ്മുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും.
നിന്റെ തീരുമാനങ്ങള്‍ നിന്റെ പുരയില്‍ മതി. നിന്റെ താലിബാന് വിരുദ്ധ പോസ്റ്റ് ഈ കത്ത് കിട്ടി 24 മണിക്കൂറിനകം നീക്കം ചെയ്തില്ലെങ്കില്‍ നിന്നെ മാത്രമല്ല, നിന്റെ കുടുംബം കൂടി തീര്‍പ്പ് കല്പ്പിക്കേണ്ടി വരും. ഈ കത്തും പൊക്കിപ്പിടിച്ച് ആളാകാന്‍ ഇറങ്ങരുത്. കുറെ കാലമായി നിന്റെ മുസ്ലിം വിരോധവും ആര്‍എസ്എസ് സ്നേഹവും ഞങ്ങള്‍ കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്തു നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍പിള്ളയുടെ ആര്‍എസ്എസ് പുസ്തകം പ്രകാശനം ചെയ്തതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീണ്ടും താക്കീത് നല്കുന്നു. ജോസഫ് മാഷാവാന്‍ ശ്രമിക്കരുത്. അയാളുടെ അവസ്ഥ ഉണ്ടാക്കരുത്’ -എന്നാണ് കത്തിലുള്ളത്.