തിരുവനന്തപുരം: ബിജെപി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന സീറ്റാണ് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം. ഇപ്രാവശ്യം സീറ്റ് ബിഡിജെഎസിനാണ് നല്‍കിയിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും എന്ന ഉറപ്പിന്മേലാണ് സീറ്റ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ തുഷാര്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.
അതേസമയം താന്‍ മത്സരിക്കുന്ന കാര്യം ഉറപ്പാക്കാനായിട്ടില്ലെന്നും തൃശൂരില്‍ മത്സരിക്കാന്‍ നരേന്ദ്രമോഡിയും അമിത്ഷായും ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തതിന് കാരണം തൃശൂരിന്റെ കാര്യത്തില്‍ ബിഡിജെഎസ് തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യമാണെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് കാരണം തൃശൂര്‍ സീറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് തുഷാര്‍ പറഞ്ഞു. തൃശൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസ് തന്നെ മത്സരിക്കും.
പ്രഖ്യാപനത്തിനു പാര്‍ട്ടി യോഗം ചേര്‍ന്ന് നടപടി ക്രമം പൂര്‍ത്തിയാക്കണമെന്നും തുഷാര്‍ പറഞ്ഞു. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്ന് നേരത്തേ പറഞ്ഞിരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം തീരുമാനം മയപ്പെടുത്തിയിരുന്നു. തുഷാര്‍ മത്സരിക്കുന്നതിനെതിരെ ആദ്യം കടുത്ത നിലപാട് എടുത്ത വെള്ളാപ്പള്ളി പിന്നീട് അനുകൂല നിലപാടില്‍ എത്തി.
എന്നാല്‍ മത്സരിച്ച് തോറ്റാല്‍ മറ്റൊരു പദവി നല്‍കണമെന്ന ആവശ്യം തുഷാര്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യസഭാ സീറ്റാണ് തുഷാറിന്റെ ആവശ്യം. കോര്‍പ്പറേഷന്‍ പദവികളും ബിഡിജെഎസിനായി തുഷാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശന്റെയും എസ്എന്‍ഡിപിയുടേയും നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതെന്നാണ് റിപ്പോര്‍ട്ട്.
വിജയസാധ്യത ഏറെയുണ്ടെന്ന് വിലയിരുത്തുന്ന തൃശൂര്‍ ബിജെപി എ പ്ലസ് കാറ്റഗറി മണ്ഡലങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ കെ സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച മണ്ഡലം വിട്ട് നല്‍കുമ്പോള്‍ തുഷാര്‍ അവിടെ മത്സരിക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. തുഷാറിന് പകരം മറ്റൊരു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറാകുമോ എന്ന് വ്യക്തമല്ല.