ഒരു വടികൊണ്ട് കടുവയോട് പൊരുതിയ രണ്ട് സ്ത്രീകള്‍: ആക്രമണത്തില്‍ രക്തം വാര്‍ന്നൊഴുകുന്ന മുഖത്തോടെ യുവതികളുടെ സെല്‍ഫി

കടുവയുടെ ആക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട രണ്ട് യുവതികളുടെ സെല്‍ഫി വൈറലാകുന്നു. ഒരു വടി കൊണ്ട് കടുവയെ നേരിട്ട ധീര വനിതകളാണിവര്‍. മഹാരാഷ്ട്രയിലെ ഭന്താര ജില്ലയിലാണ് സംഭവം. തങ്ങള്‍ കടുവയെ നേരിട്ടെന്ന് കൂട്ടത്തിലെ 21 വയസുകാരി പറയുന്നു. ആക്രമണത്തിനുശേഷം അവര്‍ ഗൗരവമുള്ള മുഖത്തോടുകൂടി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തു. രക്തം വാര്‍ന്നൊഴുകുന്നതും പരിക്കേറ്റതുമായ മുഖമാണ് സെല്‍ഫിയിലുള്ളത്. കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി വന്നതോടെയാണ് യുവതികള്‍ ചര്‍ച്ചാവിഷയമായത്. ഉസ്‌ഗോണ്‍ ഗ്രാമത്തിലെ രൂപാലി മേശ്‌റാം കൊമേഴ്‌സ് ബിരുദം നേടിയ യുവതിയാണ്. സംഭവം നടക്കുന്ന രാത്രി ആടിന്റെ കരച്ചില്‍ കേട്ടാണ് രൂപാലി വീടിനുപുറത്തു ഇറങ്ങുന്നത്. ആട് വേദന കൊണ്ട് കരയുകയായിരുന്നു. എന്താണ് സംഭവം എന്നറിയാന്‍ അടുത്തേക്ക് ചെന്നു. അടുത്തേക്ക് ചെന്ന് നോക്കിയപ്പോള്‍ കാണുന്നത് രക്തത്തില്‍ കുളിച്ച് ചത്തുകിടക്കുന്ന ആടിനെയാണ്. രൂപാലി ഭയന്ന് വീട്ടിലേക്ക് ഓടിയില്ല. ഒരു വടിയെടുത്ത് പരിസരമൊക്കെ ഒന്നു നോക്കി. പെട്ടെന്നായിരുന്നു കടുവയുടെ ആക്രമണം. ഒരു വടി മാത്രമേ രൂപാലിയുടെ കൈയ്യിലുണ്ടായിരുന്നു. ഒടുവില്‍ ശബ്ദം കേട്ട് അമ്മയും പുറത്തേക്ക് വന്നു. ഇരുവരും കടുവയുമായി യുദ്ധത്തിലേര്‍പ്പെട്ടു. കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടി കയറി വാതിലടയ്ക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഇവര്‍ അയല്‍ വീട്ടുകാരെയും ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റിനെയും വിവരം അറിയിച്ചു. മകള്‍ മരിക്കുമെന്നാണ് രൂപാലിയുടെ അമ്മ കരുതിയത്. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ഫോറസ്റ്റ് ഓഫീസര്‍മാര്‍ എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. രൂപാലിയുടെ തലയ്ക്കും കാലിനും ഇടുപ്പിലും പരിക്കേറ്റിരുന്നു.

Top