ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് തൂക്കുകയർ ഒരുങ്ങുന്നു .നാല് പ്രതികളെയും ഒരുമിച്ച് തൂക്കിക്കൊല്ലുന്നതിന് ആവശ്യമായ നാല് തൂക്കുമരങ്ങൾ ഡല്‍ഹി തിഹാര്‍ ജയില്‍ പുതുതായി സ്ഥാപിച്ച് എന്നാണ് റിപ്പോർട്ട് .നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് തൂക്കുമരങ്ങള്‍ തയ്യാറാക്കിയത്. പുതിയ സംവിധാനത്തില്‍ നാല് പേരെയും ഒരുമിച്ച് തൂക്കിക്കൊല്ലും. രാജ്യത്ത് ഈ സംവിധാനം ഒരുക്കിയ ആദ്യ ജയില്‍ കൂടിയാണ് തിഹാര്‍. നേരത്തെ ഇവിടെ ഒരു തൂക്കുമരം മാത്രമാണ് ഉണ്ടായിരുന്നത്. ജയിലില്‍ ജെസിബി എത്തിച്ചാണ് മറ്റ് പണികള്‍ പൂര്‍ത്തീകരിച്ചത്. വധശിക്ഷ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നീക്കാനുള്ള ഇടനാഴിയും പൂര്‍ത്തിയാക്കി.
നാല് പ്രതികളില്‍ മൂന്ന് പേര്‍ക്ക് ക്യുറേറ്റീവ് പെറ്റീഷന്‍ നല്‍കി ദിവസങ്ങള്‍ നീട്ടിക്കിട്ടാനുള്ള അവസരം ബാക്കിയുണ്ട്. ഇവരുടെ പുനഃപ്പരിശോധനാ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഡിസംബര്‍ 18ന് പിരിഞ്ഞ പട്യാല ഹൗസ് കോടതി കുറ്റവാളികള്‍ക്ക് മരണ വാറണ്ട് വിധിക്കുന്നതിന്റെ ഹിയറിംഗ് ജനുവരി 7ലേക്ക് മാറ്റിയിരുന്നു.
2012 ഡിസംബറില്‍ നിര്‍ഭയയ്‌ക്കെതിരെ കുറ്റകൃത്യം അരങ്ങേറുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന ഒരു പ്രതിയുടെ വാദവും ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2012 ഡിസംബര്‍ 1617 അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമാണ് പാരാമെഡിക്ക് വിദ്യാര്‍ത്ഥിനിയെ ക്രൂരതയ്ക്ക് ഇരയാക്കി ഓടുന്ന ബസില്‍ നിന്നും വലിച്ചെറിഞ്ഞത്. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഡിസംബര്‍ 29ന് നിര്‍ഭയ മരണത്തിന് കീഴടങ്ങി.