കണ്ണൂര്‍: റിയോ ഒളിമ്പിക്‌സില്‍ ടിന്റുവിന് മെഡല്‍ ലഭിക്കാത്തതിന് കാരണം പിടി ഉഷയും സാഘാടകരമാണെന്ന് പറഞ്ഞ ടിന്റുവിന്റെ കുടുംബം ഇപ്പോള്‍ മാറ്റി പറയുന്നു. ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ടിന്റുവിന്റെ അമ്മാവന്‍ സി ജോയിച്ചന്‍ പറഞ്ഞതൊൊക്കെ മാറ്റി പറയുകയാണ്.
ടിന്റുവിന് മെഡല്‍ കിട്ടാത്തതില്‍ മനം നൊന്താണ് പി.ടി.ഉഷയെക്കുറിച്ചും ഉഷ സ്‌ക്കൂളിനെക്കുറിച്ചും ചിലത് പറഞ്ഞു പോയതെന്ന് ടിന്റുവിന്റെ അമ്മാവന്‍ സി.ജോയിച്ചന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. റിയോ ഒളിമ്പിക്സില്‍ അവള്‍ക്ക് ഒരു മെഡല്‍ ലഭിക്കുമായിരുന്നു. എന്തോ ഒരു പോരായ്മ സംഭവിച്ചിട്ടുണ്ട്. അതാണ് അവള്‍ ഇങ്ങനെ പിറകോട്ട് പോകാന്‍ കാരണമായത്. അത് പി.ടി.ഉഷയെ അപമാനിക്കാനോ അവമതിക്കാനോ ഉദ്ദേശിച്ചതായിരുന്നില്ല. വിഷമവും വേദനയും കൂടിച്ചേര്‍ന്നപ്പോള്‍ എന്തൊക്കയോ പറഞ്ഞു പോയി. അത് മുതലെടുത്ത് ചിലര്‍ എന്നെ കുടുക്കുകയായിരുന്നു. അവര്‍ക്ക് എന്തൊക്കയോ അജണ്ടകളുണ്ട്. കടലാസും പേനയുമായാണ് അവര്‍ എന്നെ കാണാന്‍ വന്നത്. ചില കാര്യങ്ങള്‍ വ്യക്തിപരമായി അനുഭവപ്പെട്ടതാണ്. അത് വളച്ചൊടിച്ച് അവര്‍ വാര്‍ത്തയാക്കുമെന്ന് അറിയില്ലായിരുന്നു ജോയിച്ചന്‍ പറഞ്ഞു.
ഒരു അത്ലറ്റ് എന്ന നിലയില്‍ ടിന്റുവിന്റെ പ്രകടനത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ പി ടി ഉഷക്ക് കഴിഞ്ഞിട്ടില്ലെന്നും ഉഷ നടത്തുന്നത് ബിസിനസ് മാത്രമാണെന്നും ടിന്റുവിന്റെ ലോക്കല്‍ ഗാര്‍ഡിയനും അമ്മാവനുമായ ജോയിച്ചന്‍ പറഞ്ഞതായിട്ടായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. ടിന്റുവിന്റെ മാതാപിതാക്കള്‍ക്കും ഇതേ അഭിപ്രായം തന്നെയാണെന്നും വിലയിരുത്തലുകളെത്തി. ഇത് ടിന്റുവിന്റെ അമ്മയും നിഷേധിച്ചു. ഏതായാലും ഏറെ ഗൗരവതരമായ ആരോപണങ്ങളാണ് ജോയിച്ചന്റേതായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
പി.ടി.ഉഷയില്ലെങ്കില്‍ ടിന്റു ലൂക്കയില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അവരെ അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നേയില്ല-ജോയിച്ചന്‍ ഇപ്പോള്‍ ഇങ്ങനെയാണ് പറയുന്നത്. പി.ടി.ഉഷയുടെ വീട്ടില്‍ പോയപ്പോള്‍ എനിക്ക് ചായയും ഈന്തപ്പഴവും തന്ന് സല്‍ക്കരിച്ചിട്ടുണ്ട്. ടിന്റു ലൂക്കോയുടെ ലോക്കല്‍ ഗാഡിയന്‍ എന്ന നിലയിലായിരുന്നു അത്. എല്ലാം ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഇത്തവണത്തെ ഒളിമ്പിക്സില്‍ ടിന്റു ഒരു മെഡല്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ സ്വപ്നം തകര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ടുപോയി. ടിന്റുവിനേയും സ്പോട്സിനേയും അത്രമേല്‍ സ്നേഹിക്കുന്ന ഒരു അമ്മാവന്റെ വേദന കൊണ്ടാണ് ചിലത് പറഞ്ഞു പോയത്. എന്നാല്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് വരുത്തി ഒരു ഓണ്‍ലൈന്‍ പത്രം എന്നെക്കൂടി അപമാനിക്കുകയായിരുന്നു. ഉഷ സ്‌ക്കൂളിന്റെ സ്വത്തിന്റെ കാര്യത്തിലോ വരുമാനത്തിന്റെ കാര്യത്തിലോ തനിക്ക് ഒന്നുമറിയില്ല. അത് ഞാന്‍ പറഞ്ഞെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.