ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്‌ഡ് നടന്നുകൊണ്ടിരിക്കുകയാണ്. കോടികളാണ് പലയിടങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതോടെ ശക്തമായ പ്രചാരണങ്ങൾ നടത്താൻ ആവശ്യത്തിന് ഫണ്ട് ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് കോൺഗ്രസ്. അതേസമയം ബിജെപി ഇതൊരു അവസരമായിട്ടാണ് കാണുന്നത്. അടുത്തിടെ കോൺഗ്രസിന്റെ ശക്തനായ നേതാവ് ടോം വടക്കൻ ബിജെപിയിലേക്ക് ചേർന്നത് കനത്ത നഷ്ടമായിട്ടാണ് കോൺഗ്രസ് കാണുന്നത്.
കാരണം കോൺഗ്രസ് തെരഞ്ഞെടുപ്പുകൾക്കായി ഒഴുകിയിരുന്ന പണത്തിന്റെ സ്രോതസിനെക്കുറിച്ച് ബോധ്യമുള്ള ഒരാളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതോടെ പലയിടങ്ങളിലും റെയ്‌ഡ് ശക്തമായി. ഇതിന് ഉദാഹരണമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 14.6 കോടി രൂപ പണമായി കണ്ടെടുത്തത്. കമല്‍നാഥിന്റെ വിശ്വസ്തരെയെല്ലാം ആദായ നികുതി വകുപ്പ് കുടുക്കിയതും വ്യത്യസ്ത മാർഗ്ഗത്തിലൂടെയായിരുന്നു. റെയ്‌ഡ് കോൺഗ്രസിന് ഒരു തലവേദനയായി മാറുമ്പോൾ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാൻ മാർഗം തേടിയാലും അതും പാർട്ടിക്ക് വിനയാകും എന്ന ബോധ്യമുണ്ട്.
എന്നാൽ റെയ്‌ഡ് നടത്തുന്നതിന് മുമ്പ് ആദായ നികുതി വകുപ്പ് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ മുൻകൂറായി അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇത് അവര്‍ അനുസരിക്കുകയും ചെയ്യുന്നുണ്ട്. മധ്യപ്രദേശിൽ നടന്ന റെയ്‌ഡിൽ ഡയറികള്‍, സംശയകരമായ കംപ്യൂട്ടര്‍ ഫയലുകള്‍, 252 കുപ്പി മദ്യം, ആയുധം, പുലിത്തോല്‍ എന്നിവയെല്ലാം പിടിച്ചെടുത്തിരുന്നു.ഇതിലെല്ലാം കോൺഗ്രസ് എന്ന പാർട്ടിയെ തളർത്തുന്ന പല തെളിവുകളും അടങ്ങിയിട്ടുണ്ടെന്നാണ് സൂചന.
സമാനമായ റെയ്ഡുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും തുടരാൻ സാധ്യതയുണ്ട്. കര്‍ണ്ണാടകയിലെ ഫണ്ട് റെയ്‌സറായ ഡികെ ശിവകുമാറിനെ ആദായ നികുതി വകുപ്പ് ലക്ഷ്യം വെച്ചതോടെ കോൺഗ്രസ് മറ്റുവഴികൾ തേടുകയാണ്. രാജ്യവ്യാപകമായി നടക്കുന്ന ഇത്തരം റെയ്‌ഡുകൾ കോൺഗ്രസിന്റെ പ്രചാരണത്തെ ബാധിക്കുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കോൺഗ്രസ് അടിതെറ്റി വീണുവെന്ന് തന്നെ പറയാം.