തെരഞ്ഞെടുപ്പ് പ്രചാരണം ജലമാര്‍ഗം; ഗംഗയില്‍ നിന്നു തുടക്കമിടാന്‍ പ്രിയങ്ക ഗാന്ധി

യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗംഗയില്‍ നിന്നു തുടക്കമിടാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലുള്‍പ്പെടെ ബോട്ടില്‍ സഞ്ചരിച്ചുള്ള പ്രിയങ്കയുടെ പ്രചാരണം തിങ്കളാഴ്ച ആരംഭിക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബിജെപിയുടെ കോട്ടയായ കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ വേരുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണു സംസ്ഥാനത്തെ പ്രചാരണം അവിടെ നിന്നാരംഭിക്കാനുള്ള പ്രിയങ്കയുടെ തീരുമാനം. ഗംഗാതീരത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങളുമായി ത്രിദിന യാത്രയില്‍ പ്രിയങ്ക സംവദിക്കും. ഗംഗാ ശുചീകരണം ബിജെപി മുഖ്യ പ്രചാരണായുധമാക്കിയ സാഹചര്യത്തില്‍, ഗംഗയിലെ നിലവിലെ അവസ്ഥ മനസ്സിലാക്കാന്‍ കൂടിയാണു പ്രിയങ്കയുടെ യാത്ര. വാരാണസിക്കു പുറമെ പ്രയാഗ്‌രാജ്, ഭദോഹി, മിര്‍സാപുര്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗംഗയിലൂടെ 110 കിലോമീറ്റര്‍ സഞ്ചരിക്കും. ഗംഗയിലൂടെ പ്രചാരണം നടത്തുന്നതിനുള്ള അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സമീപിച്ചിട്ടുണ്ട്.

Latest
Widgets Magazine