ഹോട്ടല്‍ ബില്ലടയ്ക്കാതെ എഡിജിപി ടോമിന്‍ തച്ചങ്കരി മുങ്ങി !..

കോഴിക്കോട്: എന്നും വിവാദത്തിൽ നിറഞ്ഞു നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ടോമിൻ ജെ തച്ചങ്കരി .ഇപ്പോഴിതാ ഹോട്ടൽ ബില് അടച്ചില്ല എന്ന പരാതിയും . കോഴിക്കോട് ആഡംബര ഹോട്ടലായ റാവിസില്‍ മുറിയെടുത്തിട്ട് എഡിജിപി ടോമിന്‍ തച്ചങ്കരി ബില്ലടക്കാതെ മുങ്ങി. ഇതിനെ തുടര്‍ന്ന് ജീവനക്കാരന്റെ ശമ്പ ളത്തില്‍ നിന്നും തുക ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഹോട്ടല്‍മാനെജ്മെന്റ്. രണ്ടരമാസം മുമ്പാണ് മാവൂര്‍ റോഡിലെ റാവിസ് ഹോട്ടലില്‍ എഡിജിപി ടോമിന്‍ തച്ചങ്കരി മുറിയെടുത്തത്. ഔദ്യോഗിക ആവശ്യത്തിനായി കോഴിക്കോട് എത്തിയതായിരുന്നു എഡിജിപി. ഏപ്രില്‍ എട്ടിന് രാത്രി 11.17ന് ഹോട്ടലില്‍ നേരിട്ടെത്തിയാണ് തച്ചങ്കരി മുറിയെടുത്തത്. ജില്ലയിലെ സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം പിറ്റേന്ന് വൈകിട്ട് 7.11നാണ് തച്ചങ്കരി മടങ്ങിയത്.
തിരിച്ചുപോകുമ്പോള്‍ ഹോട്ടല്‍ ബില്ലായ 8519 രൂപ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കാന്‍ ഹോട്ടല്‍ മാനെജരോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച്‌ പിറ്റേന്ന് തന്നെ ജീവനക്കാര്‍ ബില്ല് പൊലീസ് മേധാവിക്ക് എത്തിച്ചുനല്‍കി. എന്നാല്‍ ബില്‍ത്തുക അടക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നും പത്രം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ബില്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് ഹോട്ടലുകാര്‍ അയക്കുകയും ചെയ്തു. തുടര്‍ന്നും തുക കിട്ടാത്തതിനാലാണ് ഡ്യൂട്ടി മാനെജരുടെ പേരില്‍ റാവീസ് മാനെജ്മെന്റ് തുക പിടിച്ചുവെച്ചത്.മുറിയെടുത്ത പണം ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്നാണ് മാനെജ്മെന്റ് ജീവനക്കാരനോട് അറിയിച്ചതും. അതേസമയം ഹോട്ടലുകാര്‍ ബില്ല് നല്‍കാന്‍ വൈകിയെന്നും കിട്ടിയദിവസം തന്നെ പണം കൊടുത്തെന്നുമാണ് തച്ചങ്കരി നല്‍കിയ വിശദീകരണം. ഗ്രേഡ് വണ്‍ ഉദ്യോഗസ്ഥനായ എഡിജിപിക്ക് നഗരത്തില്‍ മുറി എടുക്കാനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 1500 രൂപ മാത്രമാണ്.

Top