സന്നിധാനം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി. രണ്ടു മാസം നീളുന്ന തീര്‍ത്ഥാടനകാലം അനിഷ്ടങ്ങളില്ലാതെ പൂര്‍ത്തിയാകുന്നതിന്റെ നന്ദി പ്രകടനമാണ് കര്‍പ്പൂരാഴിയെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. കേരളത്തിന്റെ സ്വന്തം ആനവണ്ടി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ രക്ഷയ്ക്ക് ദൈവസഹായം കൂടിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബസുകള്‍, നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസ് തുടങ്ങിയവയും കെഎസ്ആര്‍ടിസി ഇത്തവണ നിരത്തിലിറക്കിയിരുന്നു. മകരവിളക്ക് കാലത്തെ തിരക്ക് ക്രമീകരിക്കുന്നതിനായി ആയിരത്തോളം ബസുകളാണ് അധിക സര്‍വ്വീസ് നടത്തുന്നത്.
അതേസമയം, യുവതീപ്രവേശനത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തിരുന്നു. 3.35 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തകര്‍ന്ന ബസുകളുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരം നഗരം വലയം വെച്ചിരുന്നു. ‘ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല, ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്, ഒരുപാട് പേരുടെ അന്നമാണ്’ എന്ന ബാനറോടെയായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതിഷേധപ്രകടനം.