തിരുവനന്തപുരം: മലിനീകരണ പരിശോധക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന.
ഇവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഇത് നല്‍കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
ഗതാഗത വകുപ്പില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. അതിനിടെ ആറ് മാസത്തിനിടെ ടോമിന്‍ ജെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളും വിജിലന്‍സ് പരിശോധനക്ക് വിധേയമാക്കും.
എല്ലാ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ് വെയര്‍ ഘടിപ്പിക്കണമെന്ന നിബന്ധന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ മുന്നോട്ട് വെച്ചത് ഏറെ സംശയത്തിന് ഇടയാക്കിയിരുന്നു. ചില വാഹന ഡീലര്‍മാര്‍ക്ക് വകുപ്പ് നല്‍കിയ ഇളവ് ഉള്‍പ്പെടെയുള്ള ഉത്തരവുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. അതേസമയം വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ ഗതാഗത വകുപ്പ് നല്‍കിയില്ല എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് കേസന്വേഷണത്തിന് നേതൃത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.