ടിപി വധം: കൊലയാളികള്‍ക്ക് വിഐപി പരിഗണന; കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വട്ടംകറക്കുന്നു

കൊച്ചി: ടിപി ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക പരിഗണന കിട്ടുന്നെന്നും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി അവഗണിക്കുന്നതായും റിപ്പോര്‍ട്ട്. കൊലയാളികള്‍ക്ക് ശിക്ഷാ ഇളവും വിഐപി പരിഗണനയും നല്‍കി സര്‍ക്കാര്‍ ലാളിക്കുമ്പോള്‍ ആ കേസന്വേഷിക്കാന്‍ രാപകല്‍ അധ്വാനിച്ച കേരള പൊലീസിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരോടു കടുത്ത അവഗണന കാട്ടി ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ വട്ടം കറക്കുന്നതായി ആരോപണം. കണ്ണൂരിലെ പാര്‍ട്ടി കോട്ടകള്‍ക്കുള്ളില്‍നിന്നും സംസ്ഥാനത്തിനു പുറത്തെ അജ്ഞാത കേന്ദ്രങ്ങളില്‍നിന്നും പ്രതികളെ സാഹസികമായി പിടികൂടിയ ഉദ്യോഗസ്ഥരില്‍ പലരും ഇപ്പോള്‍ അപ്രധാന തസ്തികകളില്‍ സമയം തള്ളിനീക്കുന്നു.

സ്വന്തം ജില്ലയില്‍ ജോലിചെയ്യാനും പലര്‍ക്കും ഭാഗ്യമില്ല. കഴിവ് ഉപയോഗിക്കാനാകുന്ന ക്രമസമാധാനച്ചുമതലയും ആര്‍ക്കുമില്ല. അന്വേഷണ ഉദ്യോഗസ്ഥനും അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ കെ.വി.സന്തോഷിനു സ്ഥാനക്കയറ്റം ലഭിച്ചതോടെ ഈ സര്‍ക്കാര്‍ തലസ്ഥാനത്തേക്കു തട്ടി. ഒട്ടേറെ കേസ് അന്വേഷണങ്ങളില്‍ കോടതികള്‍ അഭിനന്ദിച്ച സന്തോഷിനെ നിയമിച്ചത് അപ്രധാന തസ്തികയായ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കമന്‍ഡാന്റായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹത്തെ പിന്നീടു ക്രൈംബ്രാഞ്ച് എസ്പിയായി എറണാകുളത്തേക്കു മാറ്റി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്കു ഡെപ്യൂട്ടേഷന്‍ വാങ്ങിപ്പോയ എ.പി.ഷൗക്കത്തലിക്ക് എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും മറ്റ് ഉദ്യോഗസ്ഥരുടെ അനുഭവം കണ്ട്, തിരികെ വരേണ്ടെന്നു തീരുമാനിക്കുകയും എന്‍ഐഎയില്‍ തന്നെ ഡപ്യൂട്ടേഷന്‍ കാലാവധി നീട്ടിവാങ്ങുകയും ചെയ്തു.

സംഘത്തില്‍ അംഗമായിരുന്ന ഡിവൈഎസ്പി: എം.ജെ.സോജനായിരുന്നു ഈ സര്‍ക്കാരിന്റെ കാലത്തു ജിഷ വധക്കേസിനു തുമ്പുണ്ടാക്കിയത്. പ്രതിയെ പിടികൂടിയതു കേരള പൊലീസിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും പിന്നാലെ സോജനെ കാസര്‍കോട്ടേക്കു പറപ്പിക്കാന്‍ തീരുമാനിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണു ചാലക്കുടി സ്വദേശിയായ സോജന്റെ മാറ്റം പാലക്കാട്ടേക്കു ചുരുക്കിയത്. അവിടെ നര്‍കോട്ടിക് വിഭാഗം എസ്പിയാണിപ്പോള്‍ സോജന്‍.

കലാഭവന്‍ മണിയുടെ മരണവും വാളയാര്‍ പീഡനവും അടക്കമുള്ള കുഴഞ്ഞുമറി!ഞ്ഞ കേസുകള്‍ വന്നപ്പോള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിനു സോജനെത്തന്നെ വിളിക്കേണ്ടിവന്നുവെങ്കിലും തസ്തിക മാറ്റി നല്‍കിയില്ല. കോഴിക്കോട്ടുകാരനായ ജോസി ചെറിയാനെ ജില്ലയ്ക്കു പുറത്തേക്കു തട്ടിയില്ലെങ്കിലും ക്രമസമാധാന ചുമതലയില്‍നിന്നു വിജിലന്‍സിലേക്കു മാറ്റി. സംഘത്തിലുണ്ടായിരുന്ന സിഐ ബെന്നിയും വിജിലന്‍സില്‍ത്തന്നെ.

അന്വേഷണത്തിനു ചുക്കാന്‍ പിടിച്ച എസ്പി: അനൂപ് കുരുവിള ജോണ്‍ മൂന്നു മാസം മുന്‍പാണ് എന്‍ഐഎയിലെ ഡപ്യൂട്ടേഷന്‍ കഴിഞ്ഞു ഡല്‍ഹിയില്‍നിന്നെത്തിയത്. സത്യസന്ധനും പ്രഗല്‍ഭനുമെന്നു പേരെടുത്ത ഈ ഉദ്യോഗസ്ഥനു നല്‍കിയ നിയമനമാകട്ടെ തൃശൂര്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ പദവി. അന്നത്തെ ഇന്റലിജന്‍സ് എഡിജിപിയും ഇപ്പോള്‍ ഡിജിപിയുമായ ടി.പി.സെന്‍കുമാര്‍, അന്ന് ഉത്തര മേഖലാ എഡിജിപിയും ഇപ്പോള്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് മേധാവിയുമായ എന്‍.ശങ്കര്‍ റെഡ്ഡി എന്നിവരും ചിത്രത്തിലില്ലാത്ത വിധം സേനയില്‍ ഒതുക്കപ്പെട്ടു.

പല ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുകളും അന്വേഷണങ്ങളും വന്നു. കൊലയാളി സംഘത്തെ പിടികൂടാന്‍ സാഹസിക പ്രയത്‌നം നടത്തിയ പൊലീസുകാര്‍ക്കു മേലും സ്ഥലംമാറ്റ ഭീഷണി മാസങ്ങളായുണ്ട്. ഇവരെ നിരന്തര സ്ഥലംമാറ്റത്തിലൂടെ നെട്ടോട്ടമോടിക്കണമെന്നു കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം പലവട്ടം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വഴങ്ങിയിട്ടില്ല.

Top